അടിമാലി: കൊവിഡ് രോഗികളുടെ എണ്ണമേറിയതോടെ അടിമാലി മേഖലയിലും ജാഗ്രത കടുപ്പിച്ചു. ചൊവ്വാഴ്ച്ച മാത്രം അടിമാലിയിൽ 60 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ പത്ത് ദിവസങ്ങൾ കൊണ്ട് മാത്രം 175ഓളം ആളുകൾ പഞ്ചായത്ത് പരിധിയിൽ രോഗബാധിതരായി. കൊവിഡ് വ്യാപന ആരംഭം മുതൽ ഇതുവരെ പഞ്ചായത്ത് പരിധിയിൽ ആയിരത്തി അറുന്നൂറിലധികം ആളുകൾക്ക് രോഗ ബാധ സംഭവിച്ചു. കൊവിഡ് രോഗികളുടെ എണ്ണമേറുന്ന സാഹചര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഗ്രാമപഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു പറഞ്ഞു.കൂട്ടപരിശോധനയുടെ ഭാഗമായി അടിമാലിയിലും ആരോഗ്യവകുപ്പ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ആന്റിജൻ പരിശോധനക്കും ആർ ടി പി സി ആർ പരിശോധനക്കും ക്യാമ്പിൽ സൗകര്യം ക്രമീകരിച്ചിരുന്നു.പഞ്ചായത്തിലെ 11, 12, 13, 15, 17 വാർഡുകളിൽ രോഗബാധിതരുടെ എണ്ണം കൂടുതലുള്ളതായാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരം. ഇന്ന് മുതൽ 28 വരെ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകൾ തിരിച്ച് നിശ്ചിത എണ്ണം ആളുകൾക്ക് വാക്‌സിൻ വിതരണം സാദ്ധ്യമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.