തൊടുപുഴ: മികച്ച സൗകര്യങ്ങൾ ഒരുക്കാൻ തൊടുപുഴ നഗരസഭ പാർക്കിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.യഥാസമയം നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിനെ തുടർന്ന് പാർക്കിൽ അപകട സാദ്ധ്യതയേറിയിരുന്നു.ഇതേ തുടർന്ന് അടുത്ത നാളിൽ 65 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 201617 സമ്പത്തിക വർഷം നഗരസഭയുടെ പ്രവർത്തന മികവിന് അംഗീകാരമായി നൽകിയ 71 ലക്ഷം രൂപയിൽ നിന്ന് 45 ലക്ഷം രൂപയും ചേർത്തുള്ള ഫണ്ടാണ് ഇതിന് വേണ്ടി വിനിയോഗിക്കുന്നത്.കോട്ടയം കേന്ദ്രമായ എൻജിനിയറിംഗ് കോളജിന്റെ മേൽനോട്ടത്തിൽ ആദ്യം രൂപരേഖ തയാറാക്കിയെങ്കിലും പദ്ധതി നടപ്പിലായില്ല.കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ പാർക്ക് അടച്ചിരുന്നു. എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും ചില ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ തൊടുപുഴയിലെ കുട്ടികളുടെ പാർക്ക് തുറക്കാൻ സാധിച്ചില്ല.തൊടുപുഴയിൽ കുട്ടികൾക്ക് ഉല്ലസിക്കാനുള്ള ഏക സ്ഥലമാണ് നഗരസഭ പാർക്ക്.വിവിധ സ്ഥലങ്ങളിൽ നിന്ന് ദിവസേന നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് ഇവിടെ സായാഹ്നങ്ങളിൽ എത്തിയിരുന്നത്. അവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.എന്നാൽ പാർക്ക് നശീകരണ അവസ്ഥയിലായതോടെ ആളുകളുടെ വരവ് കുറഞ്ഞിരുന്നു. തുരുമ്പെടുത്ത് നശിച്ച് തുടങ്ങിയ അപകടവസ്ഥയിലായ കുട്ടികളുടെ കളിയുപകരണങ്ങൾ,പൊട്ടിത്തകർ സ്ലൈഡർ,മാലിന്യം നിറഞ്ഞ ദുർഗന്ധം വമിക്കുന്ന കുളവും കാലാഹരണപ്പെട്ട പെഡൽ ബോട്ടുകളും,അപകടവസ്ഥയിലായ വൈദ്യുതി ദീപാലാങ്കരങ്ങൾ,വൃത്തിയില്ലാത്ത പരിസരം,ഉപയോഗ ശൂന്യമായ ശൗചാലയം... എന്നിങ്ങനെയുള്ള അവസ്ഥയിലായിരുന്നു പാർക്ക്.
സൈക്കിൾ ട്രാക്കും
സാംസ്‌ക്കാരിക കേന്ദ്രവും
കുട്ടികൾക്കായി മികച്ച പാർക്ക് ഒരുക്കാനുള്ള പദ്ധതിയാണ് നഗരസഭ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുട്ടികൾക്കായി ടോയ്‌സ് കാറുകളുള്ള ട്രാഫിക് പാർക്ക്, ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനുള്ള മുന്നറിയിപ്പു ബോർഡുകൾ, വാട്ടർ സ്ലൈഡിംഗ് സംവിധാനം, തകരാറിലായ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും പൂർണമായി മാറ്റി സ്ഥാപിക്കൽ,പുതുതായി സൈക്കിൾ ട്രാക്കും നടപ്പാതയും, സന്ദർശകർക്ക് പ്രകൃതിദത്തമായ ശുദ്ധ ജലം ലഭിക്കാൻ കിണർ, തൊടുപുഴയിലെ പ്രദേശിക കലാകരൻമാർക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ സാംസ്‌കാരിക കേന്ദ്രം, സന്ദർശകരിൽ ട്രാഫിക് അവബോധം സൃഷ്ടിക്കാൻ ബോധവത്കരണ ബോർഡുകൾ, മൽസ്യകുളത്തിലെ വെള്ളം വറ്റിച്ച് ഇവിടെ കുട്ടികൾക്ക് കളിക്കാനുള്ള പ്രത്യേക സംവിധാനവും ഇവിടെ മാതാപിതാക്കൾക്ക് ഇരിക്കാനായി ചുറ്റിലും ഇരിപ്പിടങ്ങൾ,വൈദ്യുതി വിളക്കുകൾ പൂർണ്ണമായും മാറ്റി സ്ഥാപിക്കൽ അങ്ങനെ നീളുന്നു ഇവിടെ വികസന പദ്ധതികൾ..
'അത്യാധുനിക രീതിയിലുള്ള കുട്ടികളുടെ പാർക്കാണ് സജ്ജമാക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ തടസമില്ലാതെ നടന്ന് വരുകയാണ്.രണ്ട് മാസങ്ങൾക്കകം നിർമ്മാണം പൂർത്തീകരിക്കും'.
സനീഷ് ജോർജ്, നഗരസഭ ചെയർമാൻ.