കോടിക്കുളം: റോഡരികിൽ മാലിന്യം തള്ളിയവരെ വിളിച്ചുവരുത്തി തിരിച്ചെടുപ്പിക്കുകയും പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു. വണ്ടമറ്റം ഞറുക്കുറ്റി ഭാഗത്താണ് ആറ് ചാക്കുകളിലായി മാലിന്യം നിക്ഷേപിച്ചത്.
വാർഡ് മെമ്പർ പോൾസൺ മാത്യു അറിയിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ഹരിതകർമ്മ സേനാംഗങ്ങളും ചേർന്ന് പരിശോധിച്ചത്. വിശദമായ പരിശോധനയിലാണ് ചാക്കുകളിൽ നിന്ന് ലഭിച്ച ചില വിവരങ്ങളിൽ നിന്ന് മാലിന്യം നിക്ഷേപിച്ചവരെക്കുറിച്ച് അറിവ് ലഭിച്ചത്. തുടർന്ന് ഇവരെ വിളിച്ചുവരുത്തുകയും 10,000 രൂപ പിഴയടപ്പിച്ച് മാലിന്യം നീക്കം ചെയ്യാനാവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു മുന്നറിയിപ്പാണെന്നും തുടർ ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അഗസ്റ്റിൻ, മെഡിക്കൽ ആഫീസർ ഡോ. സാം വി. ജോൺ എന്നിവർ പറഞ്ഞു.
പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ആനീഷ് ടോം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുബീർ, ഹെഡ് ക്ലാർക്ക് ജയകുമാർ, വി.ഇ.ഒമാരായ മഞ്ജു, ലസീല ഹരിത കർമ്മ സേനാംഗങ്ങളായ പുഷ്പ രാജേഷ്, ബിന്ദു ബിജോ എന്നിവർ പങ്കെടുത്തു.