fruit
കാന്തല്ലൂരിൽ വിളവെടുപ്പിന് പാകമായ സ്‌ട്രോബറി തോട്ടങ്ങൾ

മറയൂർ: വട്ടവടയിലും കാന്തല്ലൂരിലുമിത് വേനൽപഴങ്ങളുടെ വിളവെടുപ്പ് കാലം. വിനോദ സഞ്ചാര വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ സ്‌ട്രോബറി പഴങ്ങളും ബ്ലാക്ക് ബെറി പഴങ്ങളുടെയും വിളവെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്. കാന്തല്ലൂരിൽ സ്‌ട്രോബറിക്ക് കിലോഗ്രാമിന് 500 രൂപയും വട്ടവട മേഖലയിൽ 400 രൂപയുമാണ് കർഷകർ വാങ്ങുന്നത്. കൊവിഡ് രോഗവ്യാപനത്തിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണം വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിരിക്കുകയാണ്. കാന്തല്ലൂരിൽ വെട്ടുകാട്, ഗുഹനാഥപുരം, കാന്തല്ലൂർ എന്നിവടങ്ങളിലും വട്ടവടയിൽ ടോപ്പ് സ്റ്റേഷൻ, പഴത്തോട്ടം, കോവില്ലൂർ ഭാഗങ്ങളിലുമാണ് പ്രധാനമായും കൃഷിനടക്കുന്നത്. സ്വീറ്റ് ചാർളി, കാമറോസ എന്നീ തൈകളാണ് പ്രധാനമായും കൃഷിചെയ്യുന്നത്. കഴിഞ്ഞ വർഷം ലോക്ക് ഡൗണിനെ തുടർന്ന് കനത്ത നഷ്ടമാണ് പഴവർഗ കർഷകർക്ക് നേരിടേണ്ടി വന്നത്. ഇത്തവണ വിനോദ സഞ്ചാരികൾ ധാരാളം എത്തിതുടങ്ങിയതും വിളവെടുപ്പിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ തോട്ടങ്ങളിൽ വച്ചുതന്നെ വിറ്റുതീർന്നതും പ്രതീക്ഷ നൽകിയിരുന്നു. പുതുതായി കൃഷി ഇറക്കിയ ബ്ലാക്ക് ബെറി കൃഷി മികച്ച വരുമാനവും വിളവുമാണ് കർഷകർക്ക് നൽകുന്നത്. പെരുമല ബാബു, തോപ്പൻസ് എന്നിവിടങ്ങളിലാണ് ബ്ലാക്ക് ബെറി കൃഷി ചെയ്യുന്നത്. ജാം, വൈൻ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. പേരക്ക, പ്ലംസ്, പാഷൻ ഫ്രൂട്ട്, പിച്ചീസ് എന്നീ വിളകളും മേയ് മാസത്തോടെ പാകമാകുമ്പോൾ നിരവധി വൈവിധ്യങ്ങളായ ഫലവർഗങ്ങളുടെ കലവറയായി മറയൂർ മലനിരകൾമാറും .