ഇടുക്കി: രണ്ടാം തരംഗത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോൾ കൂട്ടപരിശോധനയിലൂടെയും വാക്‌സിനേഷന്റെ എണ്ണം വർദ്ധിപ്പിച്ചും ഗതിവേഗം പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിലാണ് ജില്ല. റവന്യൂ, ആരോഗ്യ, പൊലീസ്, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി ജില്ലാ അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അവശ്യ യാത്രകൾ അനുവദിച്ചും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ നിയന്ത്രിച്ചും പൊലീസിന്റെ പ്രവർത്തനം. കൂട്ടപരിശോധനയിലൂടെ രോഗ സാദ്ധ്യതാ മേഖല കണ്ടെത്താനും നിയന്ത്രണങ്ങൾ കടുപ്പിച്ച് വ്യാപനം നിയന്ത്രിക്കാനുമാണ് ലക്ഷ്യം.
ആകെ വാക്സിനെടുത്തവർ 1,80,957
ജില്ലയിൽ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിനെടുത്തവരുടെ എണ്ണം 1,80,957. ജനുവരി 16 മുതൽ ഏപ്രിൽ 20 വരെയുള്ള കണക്കാണിത്. 60 വയസിനു മുകളിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 82,202 ആണ്. 45നും 59നും ഇടയ്ക്ക് പ്രായപരിധിയിലുള്ളവരിൽ 48,802 പേർ വാക്‌സിൻ സ്വീകരിച്ചു. കൊവിഷീൽഡ് വാക്സിനാണ് ഏറ്റവും കൂടുതൽ പേരും സ്വീകരിച്ചത്- 1,74,728. കൊവാക്‌സിനെടുത്തവർ ആകെ 6229 ആണ്. 21,800 ഡോസ് വാക്സിൻ ജില്ലയിൽ നിലവിൽ സ്റ്റോക്കുണ്ട്.