മൂന്നാർ: കഴിഞ്ഞ ദിവസം മൂന്നാർ കടലാർ എസ്റ്റേറ്റിലെ പണി സ്ഥലത്തു നിന്ന് കാണാതായ എസ്റ്റേറ്റ് തൊഴിലാളി ഒഴിവിൽ പോയതായി സംശയം. കാണാതായ ധനശേഖറിനെ കണ്ടെത്താൻ സഹതൊഴിലാളികൾ രണ്ടാം ദിവസവും തേയിലത്തോട്ടങ്ങളിലും വനത്തിലുള്ളിലും പരിശോധന നടത്തി. തൊഴിലാളി പെട്ടെന്ന് അപ്രത്യക്ഷനായത് വന്യമൃഗങ്ങളുടെ ആക്രമണം മൂലമാണെന്നുള്ള സംശയമാണ് ഉണ്ടായിരുന്നത്. ഇതേ സംശയത്താലാണ് തൊഴിലാളികളും ബന്ധുക്കളും വനപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയത്. കഴിഞ്ഞ 14ന് എസ്റ്റേറ്റ് ആഫീസിൽ നിന്ന് തേയിലത്തോട്ടത്തിൽ ഉപയോഗിക്കുന്ന കീടനാശിനി മോഷണം പോയിരുന്നു. 12,000 രൂപയോളം വിലയുള്ള ഇത് കാണാതായതുമായി ബന്ധപ്പെട്ടുള്ള സംശയത്തിെന്റ പേരിൽ കമ്പനി ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലോ ഭയത്താലോ ഒളിവിൽ പോയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. പുലിയുടെ ശബ്ദം കാട്ടിൽ നിന്ന് കേട്ടിരുന്നതായും പുലിയുടെ ആക്രമണത്തിൽ ഇയാളെ കാണാതായെന്നുമായിരുന്നു ഒപ്പമുണ്ടായിരുന്ന തൊഴിലാളികളിൽ ഏറെ പേരും പറഞ്ഞിരുന്നത്. എന്നാൽ കാണാതായി എന്നു പറയപ്പെടുന്ന സ്ഥലത്ത് ആക്രമണ സാധ്യതയുടെ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതും മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയിരിക്കുന്നതുമാണ് ഒളിവിലായിരിക്കാമെന്ന സാധ്യതയിലേക്കെത്തിച്ചത്.