ഇടുക്കി: ജില്ലയിൽ കൊവിഡ് വ്യാപന തോത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കി. സ്വകാര്യ വാഹനങ്ങൾ, മാർക്കറ്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ, ബസ്സുകളിലെ യാത്രക്കാരുടെ എണ്ണം, സാമൂഹിക അകലം പാലിക്കൽ, ശരിയായ രീതിയിൽ മാസ്‌ക്ക് ധരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വിവിധ തരത്തിലുള്ള കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ കണ്ടെത്തി 197 ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 3354 പെറ്റി കേസുകൾ എടുത്തിട്ടുണ്ട്. 19,226 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. കൂടാതെ 1472 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തി. ജില്ലയിലെപൊലീസ് സ്റ്റേഷനുകളിൽ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായുള്ള കർശന പരിശോധനകൾക്കായി നിയോഗിച്ചിരിക്കുകയാണ്. പരിശോധനകൾക്കായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, അഡീഷണൽ എസ്.പി. എസ് .സുരേഷ് കുമാർ എന്നിവരുടെ നേതൃതത്തിൽ ജില്ലയിലെ എല്ലാ ഡിവൈ.എസ്.പി മാരും, എല്ലാ എസ്.എച്ച്.ഓ മാരും, 160 എസ്.ഐ/എ.എസ്.ഐ മാരും 750 ഓളം പോലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. ജില്ലയിലെ നാല് അതിർത്തി ചെക്ക് പോസ്റ്റുകളിലും പൊലീസും ഇതര ഡിപ്പാർട്ടുമെന്റുകളുടെയും സംയുക്ത പരിശോധനയും നടത്തിവരുന്നത് തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.