തൊടുപുഴ: കപ്പ കച്ചവടത്തിനിറങ്ങിയ വിഷ്ണുവിന് ഒരുകാരളം ബോദ്ധ്യമായി, ബിസിഎ പഠനമാണ് എളുപ്പം,കപ്പ കച്ചവടം കടുപ്പം തന്നെയെന്ന്. വെങ്ങല്ലൂർ- കോലാനി റോഡിലാണ് ഇന്നലെ വിഷ്ണു കപ്പ കച്ചവടമായി സ്വന്തം കാറിൽ ഇറങ്ങിയത്.കഴിഞ്ഞ കൊവിഡ് കാലത്ത് വിഷ്ണുവും പിതാവ് കോലാനി ചാത്തനാനിക്കൽ കൃഷ്ണ കുമാറും മാതാവ് സ്മിതയും ചേർന്നാണ് കപ്പ നട്ടത്.കൃഷിയിൽ അച്ചനൊപ്പം താൽപ്പര്യമുണ്ടായിരിന്ന വിഷ്ണു മുന്നിട്ടിറങ്ങി. വേണ്ട രീതിയിൽ പരിപാലിച്ച് വളവും ചെയ്തപ്പോൾ മോശമില്ലാത്ത വിളവ്കിട്ടി. പക്ഷേ നാട്ടിൽ കൃഷിയുടെ ബാഹുല്യം കപ്പവിൽപ്പന യഥാസമയം നടന്നില്ല. കപ്പ വില കുറയുകയും ചെയ്തു. അങ്ങനെ കപ്പയും പറിച്ച് കാറിലിട്ട് ഒരു ത്രാസുമായി റോഡിലേക്ക് ഇറങ്ങി. രാവിലെ മുതൽ നിന്നിട്ട് എൺപത് കിലോ കപ്പ മാത്രമാണ് വിറ്റത് .എന്നാലും വിൽപ്പന ഇന്നും തുടരാനാണ് തിരുമാനം. കുളമാവ് നവോദയ വിദ്യാലയത്തിൽ ഹൈസ്‌കൂൾ തലം വരെ പഠിച്ച വിഷ്ണു ഇപ്പോൾ മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിയാണ്.