തൊടുപുഴ:മോഷ്ടിച്ച സ്‌കൂട്ടർ വഴിയരികിൽ ഉപേക്ഷിച്ച മോഷ്ടാവ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കുമായി കടന്നു. തൊടുപുഴ– മുവാറ്റുപുഴ റോഡിൽ ഇടയ്ക്കാട്ടു കയറ്റത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം.
തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഇടയ്ക്കാട്ടു കയറ്റം പുത്തൻപുരയ്ക്കൽ പി. കെ രാജേഷിന്റെ ഹീറോഹോണ്ട പാഷൻ 10 ബൈക്കാണ് മോഷ്ടിച്ചത്. ഇടയ്ക്കാട്ടു കയറ്റത്തെ മരീന ഫർണീച്ചർമാർട്ടിന്റെ മുൻപിൽ നിന്നാണ് നഷ്ടമായത്. ബനിയനും ട്രൗസറും ധരിച്ച യുവാവായ മോഷ്ടാവ് ബൈക്കുമായി പോകുന്നത് സമീപത്തെ സിസി ടിവിയിൽ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ 5.45ന് സ്ഥാപനത്തിന് മുൻപിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം രാജേഷ് സുഹൃത്തുക്കൾക്കൊപ്പം നടക്കാൻ പോയതായിരുന്നു. താക്കോൽ ബൈക്കിൽ തന്നെയാണ് വെച്ചിരുന്നത്. സുഹൃത്തുക്കളുടെ സ്‌കൂട്ടറും സമീപത്ത് പാർക്ക് ചെയ്തിരുന്നു. 6.40 ഓടെയാണ് മോഷ്ടാവ് ഇതു വഴി യമഹ റേ സ്‌കൂട്ടറിൽ എത്തിയത്. സ്‌കൂട്ടർ അൽപം മാറ്റി നിർത്തിയ ശേഷം നടന്നെത്തി ചുറ്റുപാട് വീക്ഷിച്ച ശേഷം ബൈക്കിൽ കയറി മുവാറ്റുപുഴ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.
രാജേഷും സുഹൃത്തുക്കളും മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച നിലയിൽ സ്‌കൂട്ടർ കണ്ടത്. പൊലീസിന്റെ അന്വേഷണത്തിൽ ഇത് കാളിയാർ പൊലീസ് സ്‌റ്റേഷൻ അതിർത്തിയിൽ നിന്ന് കഴിഞ്ഞ ദിവസം നഷ്ടമായതാണെന്ന് തിരിച്ചറിഞ്ഞു. കോടിക്കുളം സ്വദേശിയുടേതാണ് സ്‌കൂട്ടർ. ഈ സ്‌കൂട്ടർ എടുത്ത ആളുടെ ദൃശ്യവും അന്ന് സിസി ടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ, സ്‌കൂട്ടർ മോഷ്ടിച്ച ആളുടെ രൂപവുമായി ബൈക്ക് മോഷ്ടാവിന് സാദൃശ്യമില്ലെന്ന് കാളിയാർ സിഐ ഉണ്ണികൃഷ്ണൻ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.