pig
ജോബിയുടെ ഫാമിൽ കുത്തേറ്റ പന്നികൾ ചത്തുകിടക്കുന്ന നിലയിൽ .

ചെറുതോണി: വീട് കയറി ആക്രമിച്ച ശേഷം മദ്യപൻ വീടിനോട് ചേർന്നുള്ള ഫാമിലെത്തി പന്നികളെ കുത്തി കൊലപ്പെടുത്തി. ഇടുക്കി മണിയാറൻ കുടി കൊക്കരകുളം ആശാരികുടിയിൽ ജോബിയുടെ വീട്ടിലാണ് സമീപ വാസി അക്രമം അഴിച്ചുവിട്ടത്. മദ്യപിച്ചെത്തിയ മണിയാറൻകുടി സ്വദേശി തകരപ്പിള്ളിൽ ജോബിയെന്നയാളാണ് വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന ആശാരികുടിയിൽ ജോബിയുടെ ഭാര്യ ഷീബയെ ഇയാൾ അസഭ്യം പറയുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഷീബ പുറത്തിറങ്ങാത്തതിനെ തുടർന്ന് വടിവാൾ കൊണ്ട് ജനലിനുള്ളിലൂടെ വെട്ടി ഗൃഹോപകരണങ്ങൾ നശിപ്പിച്ചു. മുറ്റത്ത് നിറുത്തിയിട്ടിരുന്ന ജീപ്പിന്റെ ടയറുകൾ കുത്തി കീറുകയും ബൈക്കും ജീപ്പും തല്ലിത്തകർക്കുകയും ചെയ്തു. തുടർന്ന് ഇയാൾ സമീപത്തുള്ള പന്നി ഫാമിൽ കയറി പ്രസവിക്കാറായിരുന്ന രണ്ട് പന്നികളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പം മറ്റ് പന്നികളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നെന്നും യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് അക്രമി വീട്ടിലെത്തിയതെന്നും ജീവന് ഭീഷണിയുണ്ടെന്നും ജോബി പറഞ്ഞു. ഇത് സംബന്ധിച്ച് ഇടുക്കി പൊലീസിൽ പരാതി നൽകിയതായും അക്രമികളെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആൾ കേരള പന്നി ഫാർമേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ഇടുക്കി പൊലീസ് ജോബിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.