ചെറുതോണി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പൊന്നമ്മ ടീച്ചർ പടിയിറങ്ങി. സാമൂഹ്യ നീതി വകുപ്പിൽ നിന്ന് അങ്കണവാടി ടീച്ചറായാണ് പി.എ. പൊന്നമ്മ വിരമിക്കുന്നത്. 1981ൽ ഇളംദേശം ബ്ലോക്കിൽ അങ്കണവാടി ഹെൽപ്പറായാണ് പൊന്നമ്മയുടെ തുടക്കം. 2007ൽ അങ്കണവാടി ടീച്ചറായി പ്രമോഷൻ നേടി പിന്നീട് 14 വർഷം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്നു. ഇടുക്കി പ്രോജക്ട് 145-ാം നമ്പർ ഗിരിജ്യോതി പടി അങ്കനവാടിയിൽ നിന്നുമാണ് പൊന്നമ്മ വിരമിക്കുന്നത്. വാഴത്തോപ്പ് തേജസ് ആഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. പി. ടി.എയുടെയും ജില്ലാ വിമൻസ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ വാർഡ് മെമ്പർ ടിന്റു സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യൻ, ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി ഡോക്ടർ റോസക്കുട്ടി എബ്രഹാം, ആൻസി ജോസ്, സിസിലി ടോമി, തങ്കച്ചൻ പനയംപാല എന്നിവർ സംസാരിച്ചു.