കരിമണ്ണൂർ: പള്ളിയ്ക്കാമുറിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗൃഹനാഥനും വളർത്തുമൃഗങ്ങൾക്കും പരിക്ക്. ശൗര്യാംമാക്കൽ ജോയിച്ചനാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്തുനിൽക്കുകയായിരുന്ന ഇദ്ദേഹത്തെ നായ ഓടിവന്ന് കടിക്കുകയായിരുന്നു. തുടർന്നു ഇദ്ദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതുകൂടാതെ അയൽവാസിയായ ചാരുപറമ്പിൽ സുമതി രവീന്ദ്രന്റെ ആട്ടിൻകുട്ടികളെയും
മറ്റൊരാളുടെ താറാവിനെയും നായ്ക്കൾ ആക്രമിച്ചു. ഒരാഴ്ച മുമ്പ് ഉടുമ്പന്നൂർ പന്നൂർ പഴയിടത്ത് സണ്ണിയുടെ ആടിനെ കടിച്ചുകൊല്ലുകയും മറ്റൊന്നിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കോട്ടക്കവല, ആനിക്കുഴ, മുളപ്പുഴ, പള്ളിക്കാമുറി, പന്നൂർ, ചേറാടി വാർഡുകളിലെല്ലാം തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. കശാപ്പുശാലകളിലെയും ഇറച്ചിക്കോഴിവില്പന നടത്തിവരുന്ന സ്ഥാപനങ്ങളിലെയും ഇറച്ചിമാലിന്യം ഭക്ഷിച്ചാണ് ഇവ കഴിയുന്നത്. ഭക്ഷണം ലഭിക്കാതെ വരുമ്പോൾ ആക്രമണകാരികളാവുകയും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയുമാണ് രീതി.