ഇടുക്കി: പച്ചക്കൊളുന്തിന്റെ വിലയിടിഞ്ഞതോടെ ചെറുകിട തേയില കർഷകരുടെ ചായയ്ക്ക് കണ്ണീരിന്റെ രുചി. മാസങ്ങൾക്ക് മുമ്പ് വരെ ഫാക്ടറികളിൽ നിന്ന് ഒരു കിലോ കൊളുന്തിന് 32 രൂപ വരെ ലഭിച്ചിരുന്നത് ഇപ്പോൾ പരമാവധി 18 രൂപ വരെയാണ് കിട്ടുന്നത്. ഫാക്ടറികളിൽ കൊളുന്ത് കെട്ടിക്കിടക്കുന്നത് കാരണം കൊളുന്ത് എടുക്കുന്നത് കുറച്ചതും ഇതിൻ മൂലമുള്ള വിലയിടിവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശത്തെ ഫാക്ടറികളിലേക്ക് മുമ്പ് ദിവസേന ഒരു ലക്ഷം കിലോ കൊളുന്താണ് ചെറുകിടക്കാർക്കിടയിൽ നിന്ന് എത്തിയിരുന്നത്. ഇപ്പോൾ 50,000ൽ താഴെ മാത്രമാണ് വിൽപന നടത്താൻ കഴിയുന്നത്. തേയിലയുടെ കയറ്റുമതി കുറഞ്ഞതും ആഭ്യന്തര വിപണിയിൽ മാന്ദ്യം സംഭവിച്ചതും വിൽപന കുറയാൻ ഇടയാക്കി. സർക്കാർ നൽകുന്ന സൗജന്യ കിറ്റിൽ തേയില ലഭിക്കുന്നതിനാൽ പൊതുവിപണിയിലും വിൽപന പൊതുവെ കുറഞ്ഞു. വേനൽ മഴയെ തുടർന്ന് വൻകിട കമ്പനികളുടെ സ്വന്തം തോട്ടത്തിൽ ഉത്പാദനം കൂടിയതോടെ ഇവർ ചെറുകിട കർഷകരുടെ പക്കൽ നിന്ന് കൊളുന്ത് വാങ്ങുന്നത് പകുതിയായി കുറച്ചതും തിരിച്ചടിയായി. രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് ചായക്കടകളിലും ഹോട്ടലുകളിലും ആളുകൾ കുറഞ്ഞതിനാൽ തേയിലയുടെ ഉപയോഗം പകുതിയിലും താഴെയായി. ഗുണമേന്മയ്ക്കനുസരിച്ച് ഒരു കിലോ തേയിലയ്ക്ക് 220രൂപ മുതലാണ് വില ഈടാക്കുന്നത്. എന്നാൽ ഇതിന് ആനുപാതികമായ വില കർഷകർക്ക് ലഭിക്കുന്നില്ല. കർഷകർ ഉത്പാദിപ്പിക്കുന്ന കൊളുന്ത് ഇടനിലക്കാർ വഴിയാണ് ഫാക്ടറികളിൽ വിൽക്കുന്നത്. വിലക്കുറവ് കാരണം കൊളുന്ത് വൻകിട ഫാക്ടറികൾ എടുക്കാതിരുന്നാലും ഭീമമായ നഷ്ടം കർഷകൻ സഹിക്കണം. പലരും വായ്പ എടുത്താണ് കൃഷി നടത്തിയിരിക്കുന്നത്. ഈ അവസ്ഥയിൽ കൃഷി അവസാനിപ്പിക്കാനും തുടരാനും കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
കർഷകന് നഷ്ടം മാത്രം
കൈ കൊണ്ട് എടുത്താൽ ദിവസേന 25 കിലോ കൊളുന്ത് എടുക്കാം. ഇതിൽ തൊഴിലാളിക്ക് 450 രൂപ കൂലിയാണ് കൊടുക്കേണ്ടത്. ഷിയർ കൊണ്ടെടുത്താൽ 100 കിലോ എടുക്കാൻ കഴിയും. കൂലി 600 രൂപയോളം കൊടുക്കണം. വളം, കീടനാശിനി, കൂലി എന്നിവ കഴിയുമ്പോൾ കർഷകർക്ക് ലഭിക്കുന്നത് നഷ്ടം മാത്രമാണ്.