തൊടുപുഴ: ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയവിദ്യാലയം അടുത്ത അദ്ധ്യയന വർഷം തന്നെ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. നിലവിൽ ഇടുക്കി പൈനാവിലാണ് കേന്ദ്രീയ വിദ്യാലയമുള്ളത്. കരിങ്കുന്നം മ്രാമലയിൽ തുടങ്ങുന്ന കേന്ദ്രകയവിദ്യാലയത്തിന് കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുണ്ടാകുന്ന കാലതാമസം കണക്കിലെടുത്ത് താൽക്കാലികമായി കെട്ടിടം കണ്ടെത്തുന്ന നടപടികളാണ് തുടങ്ങിയത്. തൊടുപുഴ എ.പി.ജെ. അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ കെട്ടിടത്തിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം തൽക്കാലത്തേക്ക് തുടങ്ങുന്നതിനാണ് അധികൃതരുടെ ആലോചന. ഇതിന്റെ ഭാഗമായി സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങുന്നതിന് വേണ്ടി താൽക്കാലിക കെട്ടിടം കണ്ടെത്താനായി ഡീൻ കുര്യാക്കോസ് എം പി യും ജില്ലാ കളക്ടർ എച്ച്. ദിനേശനും തൊടുപുഴയിൽ പരിശോധന നടത്തി.. ഇതിനായി ഏറ്റെടുക്കേണ്ട ക്ലാസ് മുറികൾ, ഓഫീസ് റൂം, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം എം.പിയും കളക്ടറും വിശദമായി പരിശോധിച്ചു. നിലവിലെ കോമ്പൗണ്ടിൽ തന്നെ കേന്ദ്രീയവിദ്യാലയത്തിനായി കണ്ടെത്തുന്ന ഭാഗം പ്രത്യേകം മതിൽ കെട്ടി തിരിക്കുന്നതിനും ഇവിടേക്ക് നഗരത്തിലെ പ്രധാന റോഡിൽ നിന്നും എത്താനുള്ള പുതിയ വഴി തെളിക്കുന്നതിനും നിർദ്ദേശമുണ്ട്.
ചുരുങ്ങിയ അദ്ധ്യയന വർഷങ്ങൾക്കുള്ളിൽ തന്നെ കേന്ദ്രീയവിദ്യാലയത്തിനായി സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനാവുമെന്ന് എം.പി. യും കളക്ടറും അറിയിച്ചു. ഇതിനായി കരിങ്കുന്നം വില്ലേജിലെ മ്രാലയിൽ സ്‌കൂളിന് വേണ്ടി കണ്ടെത്തിയ 12 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവ്വെ നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവിടെ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന മുറക്ക് താൽക്കാലിക സ്‌കൂൾ ഇവിടേക്ക് മാറ്റുന്നതിനാണ് തീരുമാനം. തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ പരിശോധനയിൽ എഡിഎം അനിൽ കുമാർ, തൊടുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടി, വിവിധ ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു.