തൊടുപുഴ: വൈദ്യുത ഉത്പ്പാദനം വർദ്ധിപ്പിച്ചതോടെ മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഇന്നലെ ജലനിരപ്പ് 40:08 മീറ്ററിൽ എത്തി. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ജലനിരപ്പ് വളരെ താഴ്ന്ന അവസ്ഥയിലായിരുന്നു. മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉത്പാദനത്തിന്റെ തോതിനെ ആശ്രയിച്ചാണ് പ്രധാനമായും മലങ്കര അണക്കെട്ടിലെ ജലനിരപ്പ് കൂടുകയും കുറയുകയും ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ ഇന്നലെ മുതൽ ഉത്പാദനം വർദ്ധിപ്പിച്ചതിനെ തുടർന്നാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നത്.ഏതാനും ആഴ്ച്ചകളായിട്ട് അണക്കെട്ടിന്റെ വൃഷ്ട്ടി പ്രദേശത്ത് മഴ പെയ്തുള്ള സ്വഭാവിക നീരോഴുക്ക് വർദ്ധിച്ചതും ജലനിരപ്പ് ഉയരാൻ കാരണമായി.

ഒരു ഷട്ടർ ഉയർത്തി

42 മീറ്ററാണ് മലങ്കരയിലെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിൽ നിന്ന് മണക്കാട് - കൂത്താട്ടുകുളം, കുമാരമംഗലം - പോത്താനിക്കാട് ഭാഗങ്ങളിലേക്കുള്ള രണ്ട് കനാലിലൂടെയും വേനൽ കടുത്തതോടെ വെള്ളം കടത്തി വിടുന്നുമുണ്ട്. തൊടുപുഴയാറ്റിലേക്ക് വെള്ളം കടത്തി വിടുന്നതിന് അണക്കെട്ടിലെ ഒരു ഷട്ടർ 10 സെ. മീറ്റർ ഉയർത്തിയിട്ടുമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ അവസ്ഥയാണ് തുടരുന്നതും.