adimaly
വിജനമായ അടിമാലി ടൗൺ

 നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം

തൊടുപുഴ: കൊവിഡ് രണ്ടാം തരംഗം തടയാൻ വാരാന്ത്യത്തിൽ സർക്കാർ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങൾ ജില്ലയിൽ ജനങ്ങളുടെ പൂർണ പിന്തുണയോടെ ലോക്ക് ഡൗണിന് തുല്യമായി മാറി. അത്യാവശ്യങ്ങൾക്ക് മാത്രമാണ് ഭൂരിഭാഗം ജനങ്ങളും പുറത്തിറങ്ങിയത്. പ്രധാന നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ ആളൊഴിഞ്ഞു കിടന്നതോടെ ഹർത്താൽ പ്രതീതി സൃഷ്ടിച്ചു. പലച്ചരക്ക്, പച്ചക്കറി, പഴങ്ങൾ തുടങ്ങിയ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. ചില ഹോട്ടലുകളും റസ്റ്റോറന്റുകളും പാഴ്സൽ, ഹോം ഡെലിവറി സേവനങ്ങൾ മാത്രമായി പ്രവർത്തിച്ചു. ആളില്ലാത്തതിനാൽ കച്ചവടം തീരെ കുറവായിരുന്നു. അവശ്യ സേവനങ്ങൾ നൽകുന്ന ഓഫീസുകളൊഴികെയുള്ള സർക്കാർ ആഫീസുകൾ എല്ലാം അവധിയായിരുന്നു. പെട്രോൾ പമ്പുകളും നീതി സൂപ്പർ മാർക്കറ്റുകളും തുറന്നു. മുമ്പ് നിശ്ചയിച്ച ചില കല്യാണങ്ങൾ നിയന്ത്രണങ്ങളോടെ നടന്നു. വിദ്യാർത്ഥികൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും ഹയർസെക്കൻഡറി പരീക്ഷയും കാര്യമായ തടസങ്ങളില്ലാതെ നടന്നു. കൊവിഡ് വാക്സനേഷനും തടസമില്ലാതെ നടന്നു.

ആദ്യ അടച്ചിടൽ ദിനം ഹൈറേഞ്ചിൽ ഹർത്താൽ പ്രതീതി ഉളവാക്കി. ജനങ്ങൾ പുറത്തിറങ്ങാതെയും അവശ്യ സർവീസുകൾ ഒഴികെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെയും നിയന്ത്രണങ്ങളോട് സഹകരിച്ചു. കട്ടപ്പന നഗരത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും ഉച്ചയോടെ ഭൂരിഭാഗവും അടച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി.
രാവിലെ മുതൽ നഗരം വിജനമായിരുന്നു. ഏതാനും സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ നന്നേ കുറവായിരുന്നു.

കർശന പൊലീസ് പരിശോധന

രാവിലെ മുതൽ തന്നെ ജില്ലാ അതിർത്തികളിലും പ്രധാന ജംഗ്ഷനുകളിലുമെല്ലാം പൊലീസ് പരിശോധനയുണ്ടായിരുന്നു. ആവശ്യ സർവീസിൽപ്പെട്ട ജീവനക്കാരെ ഐഡി കാർഡ് പരിശോധിച്ച് യാത്ര അനുവദിച്ചു. ചെക്പോസ്റ്റുകളിലും വിപുലമായ പരിശോധനയാണ് നടത്തിയത്. മതിയായ രേഖകളില്ലാത്ത ഒരു വാഹനങ്ങളും കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്പോസ്റ്റുകൾ വഴി കടത്തി വിട്ടില്ല. നിയന്ത്രണങ്ങളോട് ജനങ്ങളിൽ ഭൂരിഭാഗവും അനുകൂലമായി പ്രതികരിച്ചതോടെ പൊലീസിന് ജോലി എളുപ്പമായി. നിരത്തിലിറങ്ങിയവരുടെ തിരിച്ചറിയൽ രേഖകളും സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളും പരിശോധിച്ചു. മിക്കവരും രേഖകളെല്ലാം കൊണ്ടു വന്നിരുന്നു. എന്നാൽ, ചിലർ നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയിരുന്നു. ഇത്തരക്കാർക്കെതിരെ പൊലീസ് കേസെടുത്തു. നെടുങ്കണ്ടത്ത് ഇത്തരം ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഭക്ഷണം വിളമ്പിയ ഒരു ഹോട്ടൽ അടപ്പിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 30 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ബസ് സർവീസ് കുറവ്
ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും മാത്രമാണ് സർവീസ് നടത്തിയത്. കട്ടപ്പനയിൽ നിന്ന് 17ഉം തൊടുപുഴയിൽ നിന്ന് 16ഉം സർവീസുകൾ നടത്തി. എന്നാൽ, യാത്രക്കാർതീരെ കുറവായതിനാൽ ഉച്ചയ്ക്ക് ശേഷം പല സർവീസുകളും നിറുത്തി.തൊടുപുഴയിൽ നാല് സ്ക്വാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ശനിയാഴ്ച പരീക്ഷ എഴുതിയവരുടെ സൗകര്യാർത്ഥമാണ് ഈ സർവീസുകൾ നടത്തിയത്. ആട്ടോ- ടാക്സി വാഹനങ്ങളൊന്നും കാര്യമായി നിരത്തിലിറങ്ങിയില്ല. അതിനാൽ തന്നെ നിരത്തുകളിൽ തിരക്ക് തീരെയില്ലായിരുന്നു.

ഇന്നും അടിയന്തര യാത്ര മാത്രം

അടിയന്തര യാത്രകൾ മാത്രമേ ഇന്നും അനുവദിക്കൂ. ഇതിനായി കൃത്യമായ യാത്രാരേഖകൾ കൈയിൽ കരുതണം. ദീർഘദൂര ബസ്, ട്രെയിൻ സർവീസുകളുമുണ്ടാകും.