road

വണ്ണപ്പുറം: റോഡ് നന്നാക്കാനായി ഇറക്കിയ മെറ്റിൽ റോഡിൽ നിരന്നത് വാഹനയാത്രികർക്ക് ബുദ്ധിമുട്ടാകുന്നു. വണ്ണപ്പുറം- മുള്ളരിങ്ങാട് റോഡിൽ കോട്ടപ്പാറയിലേക്കുള്ള ഭാഗത്താണ് ആഴ്ചകൾക്ക് മുമ്പ് റോഡ് പുനരുദ്ധാരണത്തിനായി മെറ്റിൽ ഇറക്കിയത്. ഇതാണ് ഇപ്പോൾ റോഡ് മുഴുവൻ പരന്ന് ഗതാഗതം തടസപ്പെടുത്തുന്നത്. മെറ്റിലിൽ കയറി തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുമുണ്ട്. മാസങ്ങളായി ഈ റോഡ് തകർന്ന് കിടക്കുകയാണ്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മെറ്റൽ ഇറക്കിയത്. എന്നാൽ ഇതിന്ശേഷം ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വീതി കുറഞ്ഞ റോഡിന്റെ പകുതിവരെ മെറ്റൽ ഇറക്കിയിരുന്നതിനാൽ അന്ന് തന്നെ ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു. ഇതിനിടെ മഴയിലും മറ്റും ഒലിച്ച് മെറ്റിൽ റോഡിലാകെ നിരന്നതോടെ ഗതാഗതം കൂടുതൽ ദുഷ്കരമായി. റോഡ് പണി ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ മഴയാണ് റോഡു പണിക്കു തടസമെന്നും മഴ മാറിയാൽ ഉടൻ പണി ആരംഭിക്കുമെന്നുമാണ് പി.ഡബ്ല്യു.ഡി അധികൃതർ പറയുന്നത്.