മുട്ടം: ആരോഗ്യ പ്രവർത്തകനെ മുട്ടം പൊലീസ് അനാവശ്യമായി അസഭ്യം പറഞ്ഞ് ദേഹോപദ്രവത്തിന് ശ്രമിച്ച് കേസ് എടുത്തതായി പരാതി.കുടയത്തൂർ സ്വദേശിയായ ജിന്റോ തോമസ് ലോക്ക് ഡൗൺ ദിവസമായ ശനിയാഴ്ച്ച രാവിലെ ജോലിക്ക് പോകാൻ ബൈക്കിൽ എത്തിയപ്പോൾ റോഡിൽ പരിശോധന നടത്തുകയായിരുന്ന മുട്ടം പൊലീസ് ജിന്റോയെ തടഞ്ഞ് രേഖകൾ ആവശ്യപ്പെട്ടു. തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഓപ്പേറേഷൻ തീയറ്റർ നഴ്സ് ആയ ജിന്റോ സ്ഥാപനത്തിന്റെ ഐ ഡി കാർഡും ആധാർ കാർഡും പൊലീസിനെ കാണിച്ചെങ്കിലും ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. എന്നാൽ അനാവശ്യമായി അര മണിക്കൂർ നേരം തടഞ്ഞു നിർത്തുകയും ഇതേ തുടർന്ന് ഡ്യൂട്ടിയിൽ എത്താൻ താമസിക്കുകയും ചെയ്തുവെന്ന് ജിന്റോ പറയുന്നു. പൊലീസ് ഡ്രൈവർ പിടിച്ച് തള്ളുകയും അസഭ്യം പറയുകയും കൊവിഡ് ചട്ടലംഘനമെന്ന പേരിൽ കേസ് രജിസ്റ്റർ എടുത്തതായും ജിന്റോ പറഞ്ഞു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡി ജി പി, കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.

"പരിശോധനയുടെ ഭാഗമായി ജിന്റോയുടെ വാഹനവും പൊലീസ് തടഞ്ഞിരുന്നു. ഹോസ്പിറ്റൽ ഐ ഡി കാർഡിൽ വീട്ട് പേര് ഇല്ലായിരുന്നു. ആധാർ കാർഡിലെ വിവരങ്ങൾ വനിത പൊലീസ് എഴുതുന്നതിനിടയിൽ ജിന്റോ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു. ഫോട്ടോ എടുത്തത് മറ്റ് പോലീസുകാർ ചോദ്യം ചെയ്തു. ആശുപത്രിയിൽ വിളിച്ച് അവിടുത്തെ ജീവനക്കാരനാണോ എന്ന് ഉറപ്പ് വരുത്തി.പെറ്റിക്കേസ് എടുത്ത് പറഞ്ഞ് വിട്ടു; ഇതാണ് സംഭവിച്ചത്"

വി ശിവകുമാർ,

സി ഐമുട്ടം സ്റ്റേഷൻ