പിടിയിലായത് പതിനേഴ്കാരൻ
പിടികൂടിയ എല്ലാ പൊലീസുകാരയും ക്വാറന്റൈനിലാക്കി
കൂട്ടുപ്രതിയും കസ്റ്റഡിയിൽ
തൊടുപുഴ: കൊവിഡ് ചികിത്സയിലിരിക്കെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതിയായ 17കാരനെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 11.30ന് ന്യൂമാൻ കോളേജിന് സമീപത്ത് നിന്നാണ് പയ്യനെ പിടികൂടിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച തഴുവംകുന്ന് സ്വദേശിയായ കൗമാരക്കാരൻ ശനിയാഴ്ച രാത്രി എട്ടോടെയാണ് ചാടിപ്പോയത്. കാരിക്കോട് നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിലാണ് പ്രതി രാത്രി കഴിച്ചു കൂട്ടിയത്. രാവിലെ മങ്ങാട്ടുകവലയിലെത്തി ആളുകളോട് ബാലൻ വണ്ടിക്കൂലിക്ക് പണം ചോദിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ പ്രതിയുടെ ചിത്രം കണ്ട ചിലർ ആളെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ഇയാളെ ന്യൂമാൻ കോളേജിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലാക്കി. പൊലീസ് കാവൽ ഏർപ്പെടുത്തി. പതിനേഴ്കാരനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും ക്വാറന്റൈനിലാക്കി. ഇയാൾക്കൊപ്പം മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കോട്ടയം ഇരവിമംഗലം സ്വദേശി അനന്ദുവിനെ ഇരവിമംഗലത്ത് നിന്ന് തൊടുപുഴ പൊലീസ് പിടികൂടി. അനന്ദുവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.
ശനിയാഴ്ച പുലർച്ചെ ടൗൺഹാളിന് സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്ന് 11 മൊബൈലുകളും അനുബന്ധ സാധനങ്ങളും കവർന്ന് സ്ഥലം വിടാനൊരുങ്ങുമ്പോൾ ഇരുവരും പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിന്റെ മുമ്പിൽപ്പെടുകയായിരുന്നു. കൗമാരക്കാരനെ കിട്ടിയെങ്കിലും അനന്ദു ഓടി രക്ഷപ്പെട്ടു. തുടർന്ന് കൗമാരക്കാരനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ആന്റിജൻ പരിശോധനയ്ക്ക് വിധേയനാക്കി. ഫലം പോസിറ്റീവായിരുന്നു. ഇതോടെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡായതിനാൽ അകത്ത് പൊലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്ത് അകത്തെ ഗ്രില്ല് വഴി പ്രതി രക്ഷപ്പെടുകയായിരുന്നു.