ഇടുക്കി: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാഹന സൗകര്യമൊരുക്കണമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദേശം നൽകി. ഇന്നലെ നടന്ന പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിമാരുടെ വീഡിയോ കോൺഫറൻസിലാണ് തീരുമാനം. കൊവിഡ് ആദ്യ തരംഗത്തിൽ രോഗികൾക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും കൊവിഡ് പരിശോധനയ്ക്ക് പോകാനും ആശുപത്രി ആവശ്യങ്ങൾക്കും വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇതുപോലെ എല്ലാ പഞ്ചായത്തിലും മൂന്ന് വാഹനങ്ങൾ ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരുക്കണം. ആംബുലൻസിന്റെ അഭാവം ഉള്ളതിനാലാണ് ഈ നടപടി. ഈ വാഹനങ്ങളുടെ നമ്പരും മൊബൈൽ നമ്പറും ജില്ലാ ഭരണകൂടത്തിന് കൈമാറണം. പഞ്ചായത്ത് അധികാരികൾക്കൊപ്പം വാർഡ് മെമ്പർമാർക്കും ആശപ്രവർത്തകർക്കുമാണ് ഇതിന്റെ ഏകോപനത്തിന്റെ ചുമതല. കഴിഞ്ഞ തവണ അഞ്ച് ലക്ഷം രൂപ ഈ ആവശ്യത്തിന് മാത്രമായി നൽകിയിരുന്നു. അതേ സമയം ജില്ലയിൽ ഒട്ടുമിക്കയിടത്തും തൊടുപുഴ, കട്ടപ്പന നഗരസഭകളിലൊഴികെ വാർഡ് മെമ്പർമാരും ആശാപ്രവർത്തകരും സഹായവുമായി എത്താതെ വരുന്നതിനാൽ പലരും ഇരുചക്ര വാഹനങ്ങളിലാണ് കൊവിഡ് പരിശോധനകൾക്ക് പോകുന്നത്. ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് കണ്ടെത്തിയാണ് കളക്ടറുടെ നടപടി. ആവശ്യമെങ്കിൽ ഭക്ഷണ സാമഗ്രഹികളും എത്തിച്ച് നൽകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.