moolamattam

മൂലമറ്റം: നാച്ചാർ ത്രിവേണി സംഗമത്തിലെ ബിയർ കെട്ട് അപകടാവസ്ഥയിലായി നാളുകൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. വലിയ ആറ്, നാച്ചാർ, മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറം തള്ളുന്ന വെള്ളവും ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം.ഇവിടെ ഏറ്റവും ഒഴുക്കുള്ളതും മലവെള്ളപ്പാച്ചിലിന് ഏറ്റവും സാദ്ധ്യതയുമുള്ള പ്രദേശമാണ് വലിയ ആറ്. മലവെള്ളപ്പാച്ചിലിൽ വലിയ തടിക്കഷണങ്ങളും കല്ലും മറ്റും ഇടിച്ചാണ് ബിയർ കെട്ടിന്റെ അടി ഭാഗം തകർന്നത്. ഇതേ തുടർന്ന് സംരക്ഷണഭിത്തി അപകടാവസ്ഥയിലായി.നിരവധി ആളുകളുടെ ഇഷ്ടസ്ഥലമാണ് ത്രിവേണി സംഗമം. കനാലിന്റെയും രണ്ടു ആറുകളുടെയും സംഗമസ്ഥാനമായ ഇവിടം എന്നും ജല സമൃദ്ധമാണ്. അപകടരഹിതമായി പുഴയിൽ കുളിക്കാൻ കഴിയുന്ന പ്രദേശമാണ് ഇവിടം എന്നതിനാൽ സ്ഥിരമായി കൂടുതൽ ആളുകൾ ഇവിടെ എത്താറുമുണ്ട്. ബിയർ കെട്ട് പൊളിഞ്ഞാൽ പ്രദേശത്തെ വെള്ളം ഒഴുക്ക് ഗതിമാറി ഒഴുകുന്നതിനും അപകടങ്ങൾക്കും സാദ്ധ്യത ഏറെയാണ്. അപകടാവസ്ഥ ഒഴിവാക്കി ഇവിടെ പുതിയ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടികൾ ആകുന്നില്ലന്ന് നാട്ടുകാർ പറയുന്നു.