പീരുമേട്: ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ കുറവുള്ള പീരുമേട്ടിൽ വേണമെന്ന് ആവശ്യം ശക്തം. തൊടുപുഴയിൽ താത്കാലികമായി ക്ലാസുകൾ ആരംഭിക്കുന്നതിനും വിദ്യാലയം പണിയുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചെന്ന വാർത്തകൾ പുറത്തു വന്നതോടെയാണ് ഇത്തരമൊരു ആവശ്യമുയർന്നത്. നിലവിൽ നവോദയ സ്‌കൂൾ കുളമാവിലുള്ളപ്പോൾ 35 കിലോമീറ്ററിനുള്ളിൽ പുതിയ കേന്ദ്രീയ വിദ്യാലയം തൊടുപുഴയിൽ തുടങ്ങാനുള്ള നീക്കമാണ് എതിർപ്പിന് കാരണമാകുന്നത്. ഭൂവിസ്തൃതിയും യാത്രാ ദുരിതവും ഏറെയുള്ള ജില്ലയിൽ, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഏറെയൊന്നും ഇല്ലാത്ത താലൂക്കാണ് പീരുമേട്. തേയില തോട്ടം, മറ്റും കാർഷിക മേഖല അടങ്ങിയ ഇവിടെ കേന്ദ്രീയ വിദ്യാലയം വേണമെന്നാണ് ആവശ്യമുയരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാർ വക സ്ഥാപനങ്ങൾ നിരവധി ഈ താലൂക്കിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടത്തെ ജീവനക്കാരുടെ കുട്ടികൾ നിലവാരമുള്ള വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കുന്നത് സർക്കാർ, സ്വകാര്യ സ്‌കൂളുകളെയാണ്. 2016 ൽ, സാമൂഹിക പ്രവർത്തകൻ ഡോ. ഗിന്നസ് മാട സാമി ഈ ആവശ്യം ഉന്നയിച്ച് പ്രധാന മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. പ്രധാന മന്ത്രിയുടെ കാര്യാലയത്തിൽ നിന്ന് അനുകൂല മറുപടിയും ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിനെ തുടർന്നു വിദ്യാഭ്യാസ വകുപ്പിനു വിഷയത്തിൽ വിശദമായ പരിശോധന നടത്തി മേൽനടപടികൾ സ്വീകരിക്കാൻ ഉത്തരവും ഉണ്ടായിരുന്നു. എന്നാൽ ഇവയൊന്നും കാണാതെയാണ് പുതിയ കേന്ദ്രീയ വിദ്യാലയം തൊടുപുഴയിൽ ആരംഭിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് സൂചന.പൈനാവിലാണ് ഇപ്പോൾ ജില്ലയില ഏക കേന്ദ്രീയ വിദ്യാലയമുള്ളത്.