ഇടുക്കി: രണ്ട് ദിവസം എല്ലാം അടച്ചുപൂട്ടി ജനം വീട്ടിലിരുന്നിട്ടും പ്രതിദിന കൊവി‌ഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. ഇന്നലെ ജില്ലയിൽ 848 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 14.67 ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 15.9 ആയി. 5335 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 848 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ 828 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എട്ട് രോഗികളുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 10 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 848 രോഗികളിൽ ആന്റിജൻ- 496, ആർ.ടി.പി.സി.ആർ- 351, ട്രൂനാറ്റ്/ സിബിനാറ്റ്- 1 എന്നിങ്ങനെയാണ് നടത്തിയത്. 247 പേർ ഇന്നലെ രോഗമുക്തി നേടി. ആകെ 7545 പേരാണ് ജില്ലയിൽ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ആശങ്കയ്ക്കും കുറവില്ല

തൊടുപുഴ നഗരത്തിലടക്കം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കാര്യമായ കുറവില്ലാതെ തുടരുകയാണ്. ഇന്നലെ 79 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഒപ്പം കട്ടപ്പന, കുമളി, അടിമാലി പോലുള്ള സ്ഥലങ്ങളിൽ രോഗികൾ കൂടുകയാണ്. കട്ടപ്പന- 72, കുമളി- 59, അടിമാലി- 50 എന്നിങ്ങനെയാണ് ഇവിടങ്ങളിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. നെടുങ്കണ്ടം- 41, അറക്കുളം- 26, കൊന്നത്തടി- 22, മണക്കാട്- 20, പീരുമേട്- 23, രാജാക്കാട്- 20, വണ്ടൻമേട്- 23, വണ്ടിപ്പെരിയാർ- 23, വെള്ളത്തൂവൽ- 22 എന്നിവയാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകൾ.