മുട്ടം: കൊവിഡ് പരിശോധന നടത്താതെ നിരീക്ഷണത്തിലിരുന്ന കുടുബക്കാർക്ക് ഫലം നെഗറ്റീവ് ആയതായി അറിയിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാർ. കുടുംബ നാഥന് കഴിഞ്ഞ 12ന് നടത്തിയ പരിശോധനയിൽ പോസിറ്റീവായി ഫലം വന്നു. ഇതേ തുടർന്ന് ഗൃഹനാഥൻ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുകയായിരുന്നു. വീട്ടിലുള്ള ഭാര്യയും രണ്ട് മക്കളുമായി സമ്പർക്കത്തിൽ വരാതെ 11 ദിവസം ഇയാൾ നിരീക്ഷണത്തിൽ ഇരുന്നു. പിന്നീട് കൊവിഡ് പോസിറ്റീവായ കുടുംബ നാഥനും വീട്ടിലെ മറ്റ് അംഗങ്ങളും കഴിഞ്ഞ 23ന് മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് എത്തി. 23ലെ പരിശോധനയുടെ ഫലം നെഗറ്റീവ് ആണെന്ന് 24 ന് വൈകിട്ട് വീട്ടുകാരെ വിളിച്ച് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് കുടുബാംഗങ്ങൾ പരസ്പരം അടുത്ത് ഇടപെടുകയും ചെയ്തു. ഇന്നലെ രാവിലെ വീണ്ടും ആരോഗ്യ വകുപ്പിൽ നിന്നും വിളി വന്നു. നെഗറ്റീവായി വന്നഫലം 21ലെ പരിശോധനയിലെ ആയിരുന്നു എന്നുള്ള അറിയിപ്പ്. എന്നാൽ 21ന് ഈ കുടുംബാംഗങ്ങൾ ആരും പരിശോധനയ്ക്ക് പോകുകയോ സാമ്പിൾ കൊടുക്കുകയോ ചെയ്തിരുന്നില്ല. വീണ്ടും 23ലെ പരിശോധനയിൽ ഭാര്യയ്ക്കും മകൾക്കും പോസിറ്റീവ് ആണെന്ന് ഫലം വന്നതായി അറിയിപ്പ് കിട്ടി. പരിശോധനയ്ക്ക് കൊടുക്കാതെ റിസൽട്ട് എങ്ങനെ നെഗറ്റീവായി എന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് അധികൃതർക്കും വ്യക്തതയില്ല. എന്ത് ചെയ്യുമെന്നറിയാതെ കുടുംബക്കാരും അങ്കലാപ്പിലാണ്‌