തൊടുപുഴ: കൊവിഡ് രണ്ടാം തരംഗം തടയാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങളോട് രണ്ടാം ദിനവും മലനാട്ടിലെ ജനങ്ങളൊന്നാകെ സഹകരിച്ച് വീട്ടിലിരുന്നു. ഇതോടെ ജില്ലയിലൊന്നാകെ ഇന്നലെയും ഹർത്താൽ പ്രതീതിയായിരുന്നു. പലചരക്ക്, പച്ചക്കറി കടകളൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും പ്രവർത്തിച്ചു. ഹോട്ടലുകളിൽ പകുതിയിലധികവും പ്രവർത്തിച്ചില്ല. നിരത്തുകളിൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു. സ്വകാര്യ ബസുകൾ കാര്യമായി സർവീസ് നടത്തിയില്ല. ഡിപ്പോകളിൽ നിന്ന് ചുരുക്കം ചില ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. യാത്രക്കാർ വളരെ കുറവായിരുന്നു. ഇന്നലെയും പ്രധാന കേന്ദ്രങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പഴുതടച്ച പരിശോധനകളായിരുന്നു. പ്രധാന ജംഗ്ഷനുകളിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചു. നിരത്തിലിറങ്ങിയവരുടെ സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളും പരിശോധിച്ചു. മിക്കവരും രേഖകളെല്ലാം കൊണ്ടു വന്നിരുന്നു. ചെക്പോസ്റ്റുകളിലും വിപുലമായ പരിശോധനയാണ് നടത്തിയത്. മതിയായ രേഖകളില്ലാത്ത ഒരു വാഹനവും കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക് പോസ്റ്റുകൾ വഴി കടത്തി വിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ മുടക്കമില്ലാതെ നടന്നു. വിവാഹ സംഘങ്ങളുടെ വാഹനങ്ങൾ തടസമില്ലാതെ സഞ്ചരിച്ചു. ശനിയാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ വളരെക്കുറച്ച് പേരാണ് പുറത്തിറങ്ങിയത്. കറങ്ങാൻ ഇറങ്ങിയവരെ പൊലീസ് വെറുതെ വിട്ടതുമില്ല. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പുകൾ പ്രവർത്തിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ നിയന്ത്രണം സമ്പർക്ക വ്യാപനത്തിൽ വലിയ കുറവ് സൃഷ്ടിക്കുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ.