** ശേഷിക്കുന്നത് പതിനായിരം ഡോസ് മാത്രം
തൊടുപുഴ: ജില്ലയിൽ കൊവിഡ് വാക്സിൻ ക്ഷാമം അതിരൂക്ഷം. പതിനായിരം ഡോസ് കൊവിഷീൽഡ് വാക്സിൻ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇത് ഇന്നത്തേക്ക് മാത്രമേ തികയൂ. കൂടുതൽ വാക്സിൻ വരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്തദിവസം മൂവായിരം ഡോസ് കോവാക്സിനെത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നതെങ്കിലും ഇതുവരെ എറണാകുളത്ത് പോലും ഇത് എത്തിയതായി അറിവില്ല. മൂവായിരം ഡോസ് ഉച്ചവരെ പോലും നൽകാൻ തികയില്ല. ജില്ലയിൽ ഒരു ദിവസം ശരാശരി ഏഴായിരം മുതൽ എണ്ണായിരം ഡോസ് വാക്സിൻ ആവശ്യമാണ്. കൂടുതൽ വാക്സിൻ ഇന്ന് എത്തിയില്ലെങ്കിൽ ചൊവ്വാഴ്ച വാക്സിനേഷൻ മുടങ്ങുന്ന സ്ഥിതിയാണുള്ളത്.
ഇതുവരെ എടുത്തത് രണ്ട് ലക്ഷം പേർ
ജില്ലയിൽ ഇതുവരെ വാക്സിനെടുത്തത് 2,10,828 പേർ. 179488 പേർ ഫസ്റ്റ് ഡോസും 31340 പേർ സെക്കൻഡ് ഡോസുമെടുത്തു. ഇതുവരെ 60 വയസിന് മുകളിലുള്ള 86,823 പേരും 45നും 59നും ഇടയ്ക്ക് പ്രായമുള്ള 57971 പേരുമാണ് വാക്സിൻ സ്വീകരിച്ചത്. ശനിയാഴ്ച വരെയുള്ള കണക്കാണിത്.
എത്ര വാക്സിനുണ്ടെന്ന് ഡൽഹിയിൽ അറിയാം
രാജ്യത്തെ ഓരോ ജില്ലയിലെയും വാക്സിൻ സ്റ്റോക്ക് എത്രയുണ്ടെന്ന് ഡൽഹിയിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ലൈവായി അറിയാം. ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് (ഇ-വിൻ) എന്ന ആപ്ലിക്കേഷൻ വഴിയാണ് ഇത് സാദ്ധ്യമാകുന്നത്. അതത് ജില്ലയിൽ വാക്സിൻ ഉപയോഗിക്കുന്നതിന്റെ കണക്കും ബാക്കിയുള്ള സ്റ്റോക്കും ഈ ആപ്പിൽ രേഖപ്പെടുത്തിയാൽ മതി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ആരോഗ്യ മിഷനാണു (എൻ.എച്ച്.എം) ഈ സേവനം നടപ്പിലാക്കുന്നത്.
'നിലവിലുള്ള വാക്സിൻ ഇന്ന് തീരും. പുതിയതായി വാക്സിൻ വരുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല "
- ഡോ. എൻ. പ്രിയ (ജില്ലാ മെഡിക്കൽ ആഫീസർ)