മുട്ടം: കുടയത്തൂരിലുള്ള കുടുംബത്തിന്റെ കൊവിഡ് പരിശോധന ഫലം മാറി മറിഞ്ഞു കുടയത്തൂർ സ്വദേശിയായ കുടുംബ നാഥൻ കഴിഞ്ഞ 12 ന് മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന നടത്തിയിരുന്നു.പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ 11ദിവസം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് കുടുംബ നാഥനും വീട്ടിലെ മറ്റ് അംഗങ്ങളും കഴിഞ്ഞ 23 ന് വീണ്ടും മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് എത്തുകയും ആരോഗ്യ വകുപ്പ് അധികൃതർ അവരുടെ സ്രവം പരിശോധനക്ക് എടുക്കുകയും ചെയ്തു. 23 ന് എടുത്ത സ്രവത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയതായി 24 ന് വൈകിട്ട് ആശുപത്രി അധികൃതർ വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ വീണ്ടും ആരോഗ്യ വകുപ്പിൽ നിന്നും വീട്ടുകാരെ വിളിച്ച് നെഗറ്റീവായി അറിയിച്ച ഫലം 21ലെ പരിശോധനയുടേത് ആയിരുന്നു എന്ന് പറഞ്ഞു. എന്നാൽ 21ന് ഈ കുടുംബാംഗങ്ങൾ ആരും പരിശോധനയ്ക്ക് പോകുകയോ സ്രവം കൊടുക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ 23 ന് നൽകിയ സ്രവത്തിന്റെ പരിശോധനയിൽ ഭാര്യയ്ക്കും മകൾക്കും പോസിറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അധികൃതർ ഇവരെ അറിയിച്ചു. കുടുംബാംഗങ്ങൾ 21 ന് സ്രവം പരിശോധനക്ക് നൽകാതെ ഇവരുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിഞ്ഞത് എങ്ങിനെ എന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ല.