തൊടുപുഴ: കൊവിഡ് ഒരു വശത്ത് കുതിച്ചുയരുമ്പോഴും വീണ്ടും പതിയെ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് നീങ്ങുന്നു. ഇനി ആറ് ദിവസങ്ങൾ മാത്രമാണ് വോട്ടെണ്ണലിനുള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമികരണങ്ങൾ നടന്നു വരികയാണ്. തിരഞ്ഞെടുപ്പിന് ശേഷം കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര സേന, സംസ്ഥാന പൊലീസ്, മജിസ്റ്റീരിയൽ ചുമതല ഉള്ള ഉദ്യോഗസ്ഥർ എന്നിവരുടെ നിയന്ത്രണത്തിലാണ് ഇ.വി.എം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെണ്ണലിനുള്ള സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കുള്ള പാസ് വിതരണത്തിന് നടപടികൾ തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയോടെയാണ് വോട്ടെണ്ണൽ നടക്കുക.
കൊവിഡ് ഉയരുമോ
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ആഹ്ലാദപ്രകടനവും മറ്റും കഴിയുമ്പോഴേക്കും കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന ആശങ്ക പൊതുജനത്തിനുണ്ട്. ജില്ലയിൽ എണ്ണൂറിന് മുകളിലാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. വരുംദിവസങ്ങളിൽ ഇത് ഇനിയും ഉയരുമെന്നാണ് കണക്കുക്കൂട്ടുന്നത്. അതിനാൽ വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതീക്ഷയിൽ മുന്നണികൾ
ഇടതു വലതു മുന്നണികൾക്കൊപ്പം എൻ.ഡി.എ യും തികഞ്ഞ പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പിന് ശേഷം മൂന്നു മുന്നണികളും അവലോകന യോഗങ്ങൾ പൂർത്തിയാക്കിയിരുന്നു. നേരത്തെ അവകാശപ്പെട്ടതുപോലെയല്ല, അഞ്ചിൽ മൂന്ന് മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടന്നതെന്ന് മുന്നണികൾ വിലയിരുത്തുന്നു. ഇതു പ്രകാരം ഉടുമ്പഞ്ചോല മാത്രമാണ് എൽ.ഡി.എഫ് നൂറുശതമാനം ഉറപ്പിച്ച് പറയുന്നത്. അതുപോലെ തൊടുപുഴയാണ് യു.ഡി.എഫിന് ഉറപ്പുള്ള മണ്ഡലം. ഇഞ്ചോടിച്ച് പോരാട്ടം നടന്ന പീരുമേട്, ഇടുക്കി, ദേവികുളം മണ്ഡലങ്ങളിൽ ഇരുമുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ആർക്കും വ്യക്തമായ ലീഡ് അവകാശപ്പെടാനാകാത്ത സ്ഥിതിയാണ്. വിജയിക്കാനായില്ലെങ്കിലും അഞ്ച് മണ്ഡലങ്ങളിലും ഇരുമുന്നണികളെയും ഞെട്ടിക്കാനാകുമെന്നാണ് എൻ.ഡി.എ കണക്കുക്കൂട്ടുന്നത്.