തൊടുപുഴ: കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ മിക്ക എ.ടി.എം കൗണ്ടറുകളിലും സാനിറ്റെസറുകളില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെയാണ് ബാങ്കുകൾ സാനിറ്റൈസറുകൾ എ.ടി.എമ്മുകളിൽ സ്ഥാപിച്ചു തുടങ്ങിയത്. ഇവ തീരുന്ന മുറയ്ക്ക് നിറയ്ക്കാൻ ബാങ്ക് അധികൃതർ ശുഷ്‌കാന്തിയും കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ജില്ലയിലെ 80 ശതമാനത്തോളം എ.ടിഎമ്മുകളിലും സാനിറ്റെസറിന്റെ ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. ജാഗ്രതാ നിർദ്ദേശവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും എ.ടി.എം സെന്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഇവയിൽ ചിലതെല്ലാം കീറിക്കളയും ചെയ്തിട്ടുണ്ട്.
ബാങ്കിനോട് ചേർന്നുള്ള എ.ടി.എമ്മുകളിൽ ഉപഭോക്താക്കൾക്ക് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ പോലും ഇപ്പോളില്ല.
ദിവസേന നൂറുകണക്കിന് പേർ വരെ ഉപയോഗിക്കുന്ന എ.ടി.എമ്മുകൾ ജില്ലയിലുണ്ട്. എ.ടി.എം മെഷീനുകൾ ദിവസവും അണുവിമുക്തമാക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നിരിക്കെ സാനിറ്റെസറുകൾ കൂടി ഇല്ലാതാകുന്നതോടെ ഭീതി ഉയരുകയാണ്. കൈ കഴുകാൻ സാനിറ്റൈസറോ സോപ്പോ ഉപയോഗിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി അധികൃതർ എ.ടി.എമ്മുകൾ കണ്ടില്ലെന്നു നടിക്കുകയാണ്. സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുമെന്നതിനാലാണ് പല ബാങ്കുകളും സാനിറ്റെസർ സ്ഥാപിക്കുന്നതിൽ നിന്ന് പിൻമാറുന്നത്.എന്നാൽ ഇത് ഉപഭോക്താക്കൾക്ക് ഇത്മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നം ഇനിയുംമുഖവിലയ്ക്കെടുക്കുന്നില്ല.