ചെറുതോണി: ബി.എസ്.എൻ.എൽ നെറ്റ് വർക്ക് സംവിധാനം അടിക്കടി തകരാറിലാകുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നിരവധി തവണ നെറ്റ് വർക്ക് സംവിധാനം തകരാറിലായിരുന്നു. തുടരെ തടസ്സം സംഭവിച്ചിട്ടും ബന്ധപ്പെട്ടവർ പരിഹരിക്കാൻ തയ്യാറാകുന്നില്ല. ഇതുമൂലം, ധനകാര്യ സ്ഥാപനങ്ങൾ, താലൂക്കോഫീസ്, ഓൺലൈനിലൂടെ പണമടക്കുന്നവർ തുടങ്ങിയവർക്കെല്ലാം ബുദ്ധിമുട്ടുണ്ടാകുന്നു. കഴിഞ്ഞയാഴ്ച മൂന്നുദിവസം നെറ്റ് വർക്ക് സംവിധാനം തടസ്സപെട്ടിരുന്നു. പൈനാവ് മണിയാറൻകുടിറോഡിന്റെ നിർമ്മാണത്തിനിടെകേബിൾ മുറിഞ്ഞുപോകുന്നതാണ് നെറ്റുവർക്ക് നഷ്ടപ്പെടുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ചില ദിവസങ്ങളിൽ ടവർലൈനിന്റെ നെറ്റുവർക്ക് സംവിധാനവും നഷ്ടപ്പെടാറുണ്ട്. പൈനാവിൽ നെറ്റുവർക്ക് നഷ്ടപ്പെടുന്നതോടെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം പഞ്ചായത്തുകളിൽ പൂർണ്ണമായും നെറ്റുവർക്ക് തടസ്സപ്പെടുന്നുണ്ട് ഇതുമൂലം ഓൺലൈനിൽ പഠിക്കുന്നകുട്ടികളും ബുദ്ധിമുട്ടുകയാണ്. മറ്റു സ്വകാര്യ കമ്പനികളുടെ നെറ്റുവർക്ക് യാതൊരു തടസ്സമുവില്ലാതെ ലഭിക്കുന്നുണ്ട്. ബി.എസ്.എൻ.എലിന്റെ നെറ്റുവർക്ക് സംവിധാനം സ്ഥിരമായി നഷ്ടപ്പെടുന്നതിനാൽ പലരും കണക്ഷനുകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടയെടുക്കാത്തത് സ്വകാര്യ കമ്പനികളെ സംരക്ഷിക്കാനാനെന്നും ആക്ഷേപമുണ്ട്.