തൊടുപുഴ: കേരളത്തിൽ ആദ്യമായി ഒരു സി.എസ്.ഐ പുരോഹിതന്റെ മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിച്ചു. മുട്ടം കുഴിയനാൽ സി.എസ്.ഐ പള്ളി മുൻ വികാരി പുളിക്കൽ ഫാ. പി.വി. സാമുവലിന്റെ (87) മൃതദേഹമാണ് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ ഇന്നലെ ദഹിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് ഫാ.സാമുവൽ മരിച്ചത്. ഇതിനിടെ കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തനാവുകയും ചെയ്തിരുന്നു. എങ്കിലും റിവേഴ്സ് ക്വാറന്റീൻ പൂർത്തിയാകാത്തതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണമായിരുന്നു സംസ്കാരം. തുടർന്ന് മകൻ ജയ്സൺ എട്ട് കിലോമീറ്റർ അകലെയുള്ള തൊടുപുഴ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ്. ഫ്രാൻസിസിനോട് അനുമതി തേടിയിരുന്നു. ഇന്നലെ രാവിലെ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം മുട്ടം കുഴിയനാൽ സി.എസ്.ഐ പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങിന് ബിഷപ്പ് റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് നേതൃത്വം നൽകി. കെ.എസ്.ഇ.ബി ജീവനക്കാരനാണ് ജയ്സൺ. ജെസി, ഷേർളി എന്നിവരാണ് മറ്റു മക്കൾ. കേരളത്തിലെ വിവിധ പള്ളികളിൽ 30 വർഷത്തിലേറെ പുരോഹിതനായിരുന്ന സാമുവൽ 12 വർഷമായി വിശ്രമത്തിലായിരുന്നു.
'വർഷങ്ങൾക്കു മുമ്പുതന്നെ മൃതദേഹം ദഹിപ്പിക്കുന്നതിന് സി.എസ്.ഐ സഭയിൽ അനുമതിയുണ്ട്. സംസ്കാര ശുശ്രൂഷയിൽ ഇക്കാര്യം പ്രതിപാദിപ്പിക്കുന്നുണ്ട്. മൃതദേഹം ദഹിപ്പിച്ച ശേഷം ചിതാഭസ്മം പ്രാർത്ഥനാ ചടങ്ങുകളോടെ സംസ്കരിച്ചാൽ മതി".
- റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് (ബിഷപ്പ്, സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക)