തൊടുപുഴ: കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോൾ പ്രതിസന്ധി സൃഷ്ടിച്ച് ജില്ലയിൽ ആശുപത്രികളിലെ ഐ.സി.യു കിടക്കകൾ നിറയുന്നു. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിൽ 56, സ്വകാര്യ മേഖലയിൽ 52 ഐ.സി.യു കിടക്കകളാണ് നിലവിലുള്ളത്. രോഗികൾ വർദ്ധിച്ചതോടെ ഇത് അപര്യാപ്തമായി. വരുംദിവസങ്ങളിൽ രോഗികൾ കൂടിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നത് മുന്നിൽകണ്ട് പരിഹരിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ കണ്ടെത്താനാണ് തീരുമാനം. തുടർന്ന് ഇന്നലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ ചർച്ച നടത്തി. നിലവിൽ പത്ത് ശതമാനം കിടക്കകളാണ് സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുന്നത്. 25 ശതമാനം കിടക്കൾ വിട്ടു നൽകാനുള്ള സന്നദ്ധത സ്വകാര്യ ആശുപത്രികൾ കളക്ടറെ അറിയിച്ചിട്ടുണ്ട്. ഓക്‌സിജൻ കിടക്കകളും വർദ്ധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. രണ്ട് ജില്ലാ ആശുപത്രികളിലുമായി 67 ഓക്‌സിജൻ കിടക്കകളാണുള്ളത്. സ്വകാര്യ ആശുപത്രികളിൽ ഇത് 134 ആണ്. വെങ്ങല്ലൂരിലെ ഷെറോൺ കൾച്ചറൽ സെന്ററിൽ സജ്ജമാക്കിയിരിക്കുന്ന സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉടൻ തന്നെ പ്രവർത്തനം തുടങ്ങും. ഇവിടെ 80 ഓക്‌സിജൻ കിടക്കൾ കാണും. വലിയ രോഗലക്ഷണങ്ങളില്ലാത്ത രോഗികൾക്കായി മൂന്നാർ ശിക്ഷക് സദനിൽ കേന്ദ്രം തുടങ്ങും. 250 കിടക്കകളുണ്ടാകും. ആശുപത്രികളിലെ തിരക്ക് ഇതുവഴി കുറവുണ്ടാകുമെന്നാണ് കരുതുന്നത്. വേണ്ടി വന്നാൽ ഒരു ആശുപത്രി തന്നെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

''ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യം പോലെ കിടക്കകളുണ്ട്. 25 ശതമാനം വിട്ടുനൽകാമെന്ന് അവർ അറിയിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സ്വകാര്യ ആശുപത്രികൾ ജില്ലാ ഭരണത്തിന് ഏറ്റെടുക്കാം. ""

-ജില്ലാ കളക്ടർ എച്ച്. ദിനേശൻ