തോപ്രാംകുടി :മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന ചിത്രപൗർണ്ണമി പൂജ കൊവിഡിന്റെ സാഹചര്യത്തിൽ നടത്താൻ സാധിക്കാത്തതിനാൽ തോപ്രാംകുടി മഹാദേവ ക്ഷേത്ര സന്നിധിയിൽ രാവിലെ ഒമ്പതുമണിക്ക് നടത്തും. മംഗളാദേവി ക്ഷേത്രം തന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചിത്രപൗർണ്ണമി പൂജയും മൂന്ന്കലം പൊങ്കലും നടത്തുന്നത്. മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമിക്ക് പൂജിക്കുന്ന വാളും ചിലമ്പും എല്ലാവർഷവും ആചാരപരമായി എത്തിക്കുന്നതും മൂന്ന്കലം പൊങ്കൽ നടത്തുന്നതും കേരള കണ്ണകി ട്രസ്റ്റാണ്. വാളും ചിലമ്പും കേരള കണ്ണകി ട്രസ്റ്റ് ഭാരവാഹികൾ രാവിലെ തോപ്രാംകുടി മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ച് തന്ത്രിക്ക് കൈമാറും.
കൊവിഡിന്റെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ പൊതുപരിപാടികളും, എല്ലാ ആരാധനാലയങ്ങളിലും പ്രവേശനവും നിലവിൽ അനുവദനീയമായ സാഹചര്യത്തിൽ വർഷത്തിൽ ഒരുദിവസം മാത്രം നട തുറക്കുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമി പൂജ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും ഇടുക്കി ജില്ലാ കളക്ടർക്കും കേരളതമിഴ്‌നാട് കണ്ണകി ട്രസ്റ്റുകൾ അപേക്ഷ നൽകിയിരുന്നു. അതിൽ തീരുമാനമെടുക്കാതെവന്നതിനാൽ ട്രസ്റ്റുകൾ സംയുക്തമായി കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപനം ഉള്ളതിനാൽ മംഗളാദേവി ക്ഷേത്ര ഉത്സവം നടത്തേണ്ടതില്ലെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനം എടുത്തിട്ടുള്ളതായി ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനാൽ കോടതി പൂജ അനുവദിച്ചില്ല.
കഴിഞ്ഞവർഷവും കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണ്ണമി പൂജ അനുവദിച്ചിരുന്നില്ല.
തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തിൽ തന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഇന്ന് പ്രതിഷ്ഠാദിന ഉത്സവവും, കലശവും നടക്കുകയാണ്. ഇതിനോടൊപ്പമാണ് ചിത്രപൗർണ്ണമി പൂജയും സംഘടിപ്പിച്ചിരിക്കുന്നത്.
ഭക്തജനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയാണ് ചടങ്ങുകൾ നടത്തുന്നതെന്ന് തന്ത്രി ജയസൂര്യൻ ഭട്ടതിരിപ്പാട്, കേരള കണ്ണകി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എൻ.സുരേഷ് ബാബു , തോപ്രാംകുടി ക്ഷേത്രം സെക്രട്ടറി സന്തോഷ് എന്നിവർ അറിയിച്ചു.