മുട്ടം: കൊവിഡ് നിയന്ത്രണങ്ങളും ഗതാഗത നിയമങ്ങളും വകവയ്ക്കാതെ മുട്ടം- ഇടപള്ളി റൂട്ടിൽ യാത്ര ചെയ്യുന്നവർ സൂക്ഷിച്ചോ... യൂണിഫോമിൽ അവർ രണ്ട് പേരും നിങ്ങളുടെ മുന്നിൽ എപ്പോൾ വേണമെങ്കിലും ചാടി വീഴാം. ലാത്തി വീശി, ഉറച്ച കാലടികളോടെ അവർ മുന്നിലെത്തും. മാസ്ക് ശരിയായ രീതിയിൽ വയ്ക്കാത്തവരെയും ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനങ്ങളിൽ പറക്കുന്നവരെയും അമിത വേഗത്തിൽ വാഹനങ്ങൾ പായിക്കുന്നവരെയും പിടികൂടി ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി താക്കീതോടെ വിട്ടയക്കും. പൊലീസ് വേഷധാരികളായ അബിയോൺ അനീഷും എഡ്വിൻ രതീഷുമാണ് റോഡിൽ വാഹന പരിശോധന നടത്തുന്നത്. അബിയോൺ അനീഷിന് അഞ്ച് വയസും എഡ്വിൻ രതീഷിന് എട്ട് വയസും മാത്രമാണ് പ്രായം. മുട്ടം ഇടപള്ളിയിൽ പ്ലാക്കൂട്ടത്തിൽ അനീഷിന്റെയും സഹോദരൻ രതീഷിന്റെയും മക്കളാണ് രണ്ട് പേരും. സിനിമയിലും ചാനൽ വാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും പൊലീസ് നടത്തുന്ന വാഹന ചെക്കിംഗ് കണ്ടാണ് കുട്ടിപ്പൊലീസുകാർ യൂണീഫോമിൽ വാഹന പരിശോധന ആരംഭിച്ചത്. രണ്ട് പേർക്കും ഓൺ ലൈനിൽ യൂണീഫോം വീട്ടുകാർ വാങ്ങി നൽകിയതോടെയാണ് ചെക്കിംഗ് ആരംഭിച്ചത്. റോഡിൽ രാവിലെ ഏഴിന് തുടങ്ങുന്ന ചെക്കിംഗ് വൈകിട്ട് 6.30വരെ തുടരും. ഇടയ്ക്ക് ഒരു ദിവസം മുട്ടം പൊലീസ് സ്റ്റേഷനിലെ വാഹനം വന്നപ്പോഴും ഇവർ കൈ കാണിച്ചു. അടുത്ത് വന്നപ്പോഴാണ് പൊലീസാണെന്ന് കുട്ടിപ്പൊലീസുകാർ അറിഞ്ഞത്. ഉടൻ തിരിഞ്ഞ് ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്ക്. പൊലീസുകാർ വാഹനം നിറുത്തി സ്നേഹപൂർവം കുട്ടിപ്പൊലീസുകാരെ വിളിച്ചെങ്കിലും അവർ വീടിന് പുറത്തിറങ്ങിയില്ലെന്ന് മാത്രമല്ല അന്നത്തെ ചെക്കിംഗ് അതോടെ അവസാനിപ്പിക്കുകയും ചെയ്തു.