തൊടുപുഴ : മൂന്ന് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം തുടങ്ങിയ ഏലപ്പാറ മുതൽ ഹെലിബെറിയ വരെയുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയതായി ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ കമ്മീഷൻ ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിപ്രകാരമാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. 2019 ലെ കാലവർഷക്കെടുതിയിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന റോഡിന്റെ ഏതാനും ഭാഗങ്ങൾ തകർന്നുപോയിരുന്നു. പി എം ജി എസ് വൈ പദ്ധതിപ്രകാരം അഴുത ബ്ലോക്ക് പഞ്ചായത്താണ് നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. റോഡ് നിർമ്മാണം പൂർത്തിയാകാത്തതു കാരണം നൂറുകണക്കിന് തേയിലതൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട പ്രദേശവാസികൾ പ്രതിസന്ധിയിലാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമിയുടെ പരാതിയിലാണ് നടപടി.
റോഡിന്റെ ഫിനിഷിംഗ് വർക്കുകളിൽ ഉൾപ്പെടുന്ന ഡ്രെയിൻ, റിംഗ് ബോർഡ്, പെയിന്റിംഗ് ജോലികൾ എന്നിവ പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.