മുട്ടം: യുവാവിന്റെ ബൈക്കിന് പിന്നാലെ തെരുവ് നായ്ക്കൾ പാഞ്ഞടുത്തു, നിയന്ത്രണംവിട്ട ബൈക്ക് പാലത്തിൽ ഇടിച്ച് മറിഞ്ഞു. തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 3.45 ന് മുട്ടം ജില്ലാ കോടതി റോഡിലാണ് സംഭവം. തെക്കുംഭാഗം സ്വദേശി ജിജോ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങാൻ എത്തിയപ്പോഴാണ് ജിജോയുടെ ബൈക്കിന് പിന്നാലെ തെരുവ് നായ്ക്കൾ കൂടിയത്.കോടതി റൂട്ടിൽ ബൈക്ക് നിർത്തി ജിജോ ഫോണിൽ സംസാരിച്ചതിന് ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയി. ഈ സമയം റോഡിലൂടെ വന്ന തെരുവ് നായ്ക്കൾ കുരച്ച് കൊണ്ട് ജിജോയുടെ ബൈക്കിന് പിന്നാലെ പാഞ്ഞു. ഭയന്ന് പോയ ജിജോ ബൈക്ക് സ്പീഡിൽ ഓടിച്ചപ്പോൾ നിയന്ത്രണം തെറ്റിയാണ് സമീപത്തുള്ള പരപ്പാൻ തൊടിന്റെ പാലത്തിൽ ഇടിച്ച് മറിഞ്ഞത്.ബൈക്കിന് സാരമായ കേട് സംഭവിച്ചു.

കോടതി റൂട്ടിൽ തെരുവ് നായ ശല്യം അതി രൂക്ഷം

മുട്ടം ജില്ലാ കോടതി റോഡ്, കോടതി-ജില്ലാ ഹോമിയോ ആശുപത്രി-ജില്ലാ ജയിൽ-ഐ എച്ച് ആർ ഡി സ്കൂൾ-കോളേജ് പരിസരങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം അതി രൂക്ഷമാണ്.റോഡിലൂടെ ആളുകൾ നടന്നു പോകുമ്പോഴും വാഹനങ്ങൾക്ക് മുന്നിലും തെരുവ് നായ്ക്കൾ കൂട്ടത്തോടെ നിലയുറപ്പിക്കും. അധികൃതർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണം എന്നാണ് ജനങ്ങളുടെ ആവശ്യം.

"തെരുവ് നായ ശല്യം ഇല്ലാതാക്കാൻ മുട്ടം വെറ്റിനറി ആശുപത്രിയുമായി സഹകരിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ സേവനം ഉടൻ മുട്ടത്ത് പ്രാവ ർത്തികമാക്കും"

ഡോളി രാജു, വാർഡ് മെമ്പർ