തൊടുപുഴ: കൊവിഡ്‌രോഗബാധ തീവ്രമാകുന്ന പശ്ചാത്തലത്തിൽ തൊടുപുഴ നഗരപരിധിയിൽ സർക്കാർ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കാൻ ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചു. നഗരസഭ ഓഫീസിൽ ചേർന്നയോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, നഗരസഭ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത സാമുദായിക സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ ഭാരവാഹികൾ, വ്യാപാരി സംഘടന പ്രതിനിധികൾ,പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വീടുകളിലും, ഹാളുകളിലും വച്ച് നടത്തുന്ന വിവാഹം ഉൾപ്പടെയുളള എല്ലാ ചടങ്ങുകളും യോഗങ്ങളും നിരീക്ഷിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും പ്രവർത്തിക്കുന്നത് തടയുന്നതിനും ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് രൂപീകരിച്ച് ആരംഭിച്ചിട്ടുളള പരിശോധന കൂടുതൽ കർശനമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
വാക്‌സിനും, പരിശോധനാ സാമഗ്രികളും കൂടുതൽ ലഭ്യമാക്കുന്നതിനും, ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ വാക്‌സിനേഷൻകേന്ദ്രങ്ങളും പരിശോധനാകേന്ദ്രങ്ങളും ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചതായി ചെയർമാൻ അറിയിച്ചു.