ഇടുക്കി: വോട്ടെണ്ണൽ ദിനത്തിൽ അമിതാവേശം കാണിക്കാൻ ആരും മുതിരേണ്ട.ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരഞ്ഞെടുപ്പ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിജയാഹ്ലാദവും ജാഥകളും നിരോധിച്ചത് എല്ലാ രാഷ്ട്രീയകക്ഷികളും ഉൾക്കൊള്ളണമെന്ന്ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ തീരുമാനങ്ങളെടുക്കുന്നതിനും ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽഓൺലൈനായിചേർന്ന സർവ്വകക്ഷി യോഗത്തിലാണ് നിർുേശങ്ങൾ ഉണ്ടായത്. അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, തുടങ്ങി വിവിധ വകുപ്പ്തല മേധാവികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

വോട്ടെണ്ണൽ ദിനം

വോട്ടെണ്ണൽ നടക്കുന്ന മേയ് 2ന് കേന്ദ്രത്തിൽ അതുമായി ബന്ധപ്പെട്ട ചുമതലകൾ ഉള്ളവർമാത്രം പോയാൽ മതി. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കു മാത്രമെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും 72 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവർക്കും മാത്രമായി വോട്ടെണ്ണൽ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം.

ആർടിപിസിആർ കോവിഡ് പരിശോധന നാളെ

വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ടവരുടെ കോവിഡ് പരിശോധന ജില്ലയിലെ അതത് താലൂക്കാശുപത്രികളിലും ഇടുക്കി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി തൊടുപുഴ എന്നിവിടങ്ങളിലും വ്യാഴാഴ്ച നടത്തുമെന്നും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടന്നും ഡിഎംഒ അറിയിച്ചു. സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. വാക്‌സിൻ രണ്ടാം ഡോസ് എടുത്തവർ ടെസ്റ്റ് എടുക്കേണ്ടതില്ല. കൗണ്ടിംഗ് ദിവസം വാക്‌സിൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതിയാൽ മതി. മറ്റുള്ളവർ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം.

വാക്‌സിനേഷൻ, പരിശോധന

ഓൺലൈനായി ചെയ്യാൻ സാധിക്കാത്തവർക്ക് സ്‌പോട് രജിസ്‌ട്രേഷനുള്ള സൗകര്യം ഏർപ്പാടാക്കും. രാഷ്ട്രീയ പാർട്ടികൾ, യുവജന സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണം ഈ കാര്യത്തിൽ ഉറപ്പാക്കിയതായി ജില്ലാ കളക്ടർ പറഞ്ഞു. എല്ലാ കോളനികളിലും പോയി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ സ്ഥിരം വാക്‌സിനേഷൻ സെന്ററുകൾ കുറഞ്ഞത് മൂന്നെണ്ണം വീതം ഓരോ താലൂക്കിലും തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തഹസിൽദാർമാരിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ തുടർ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു. ജില്ലയിലെ ചില ഗ്രാമപഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ വർദ്ധിച്ചുവരുന്നതിനാൽ അത്തരം ഗ്രാമപഞ്ചായത്തുകളിലെ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് കൂടുതൽകാര്യക്ഷമമായ കോവിഡ് വ്യാപന നിയന്ത്രണം ഉറപ്പാക്കും.

ആശുപത്രികളിൽ

കൂടുതൽ സൗകര്യങ്ങൾ

രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ ആശുപത്രികളിൽ ഐസിയു ബെഡ്, വെന്റിലേറ്റർ തുടങ്ങി കൂടുതൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. അഞ്ചു താലൂക്കുകളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ കൂടാതെ ഡിസിസികളും ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിക്കുക. ഇവർക്ക് മെഡിക്കൽ സ്റ്റാഫിന്റെ സേവനം ഉണ്ടായിരിക്കില്ല. ഭക്ഷണവും അവശ്യ വസ്തുക്കളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്തിച്ചു നല്കും. മൂന്നാർ, മുട്ടം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ഡിസിസികൾ പ്രവർത്തനമാരംഭിച്ചത്.


.