ഇടുക്കി:കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തി. എല്ലാ പഞ്ചായത്തുകളിലും പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് തലത്തിൽ ജാഗ്രത സമിതികൾ രൂപികരിച്ചു. കൂട്ടം കൂടരുത്, ശുചിത്വം പാലിക്കുക തുടങ്ങി ജാഗ്രതാ നിർദേശം നൽകി അനൗൺസ്‌മെന്റ് വാഹനങ്ങളും സജീവമാണ്.
രാജക്കാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആവശ്യ സേവനങ്ങൾ ഒഴികെയുള്ള വ്യാപരസ്ഥാപനങ്ങൾ ഏപ്രിൽ 28 മുതൽ മെയ് രണ്ട് വരെയുള്ള ദിവസങ്ങളിൽ അടച്ചിടും. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ശനി,ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെയാണിത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപരസ്ഥാപനങ്ങൾക്ക് പകൽ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് പ്രവർത്തന അനുമതി. ഓട്ടോ ടാക്‌സി സർവ്വീസുകൾക്കും നിയന്ത്രണമുണ്ട്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിൽ പാഴ്‌സൽ സർവ്വീസ് മാത്രം അനുവദിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ അറിയിച്ചു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു. പൊതുജന സഹായത്തിന് 24 മണിക്കൂർ ഹെൽപ് ഡെസ്‌കും ആരംഭിച്ചു. 9744253201, 9656247317 എന്ന നമ്പറുകളിൽ ടാസ്‌ക് ഫോഴ്‌സിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം. രോഗികളുടെ യാത്രാ സൗകര്യത്തിനായി സൗജന്യ ആംബുലൻസ് സർവ്വീസും പഞ്ചായത്തിൽ ഏർപ്പെടുത്തി. ആംബുലൻസ് സേവനം ലഭ്യമാകുവാൻ വാർഡ് മെമ്പർമാരെയോ ഹെൽപ് ലൈനിലോ ബന്ധപ്പെടാമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അറിയിച്ചു. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്കായി നെടുങ്കണ്ടത്ത് ഡൊമിസെൽ കൊവിഡ് കെയർ സെന്റർ സ്ഥാപിക്കാനും, പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സാനിറ്റൈസർ ബൂത്തുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. അടുത്ത ആഴ്ചയോടെ കല്ലാർ കമ്യൂണിറ്റി ഹാളിൽ സ്ഥിര കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കും.
രാജകുമാരി ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർഡത്തനങ്ങളുടെ ഭാഗമായി കൊവിഡ് കൂട്ട പരിശോധന നടത്തി. 148 പേർക്ക് ആർടിപിസിആർ പരിശോധനയും 44 പേരിൽ ആന്റിജൻ പരിശോധനയും നടത്തി. പഞ്ചായത്തിന്റെയും ഹോമിയോ ഡിസ്പൻസറിയുടെയും നേതൃത്വത്തിൽ ഹോമിയോ പ്രതിരോധ ഗുളികകളും വാർഡ് തലത്തിൽ വിതരണം ചെയ്യുന്നുണ്ട്.
ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടം തൊഴിലാളികൾക്കിടയിൽ കൂട്ട പരിശോധന നടത്തും. ചെമ്മണ്ണാർ, ഉടുമ്പൻചോല മേഖലകളിൽ കഴിഞ്ഞ ദിവസം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഏപ്രിൽ 30ന് കാരിത്തോട്, മാവടി കോളനികളിലും കൂട്ട പരിശോധന നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജി കുമാർ അറിയിച്ചു. കൊവിഡ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്, മലയാളം ഭാഷകളിൽ പ്രസിദ്ധീകരിച്ച ലഘുലേഖകൾ വീടുകൾ തോറും വിതരണം ചെയ്തു. ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അനൗൺസ്‌മെന്റ് വാഹനങ്ങളും പ്രദേശത്ത് പര്യടനം നടത്തുന്നുണ്ട്. പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിൽ കൊവിഡ് രോഗികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തി. ഇരു പഞ്ചായത്തുകളിലും ഓരോ ആംബുലൻസും 2 ജീപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സേവനം ആവശ്യമായ രോഗികൾക്ക് ആംബുലൻസ് സൗകര്യവും ലക്ഷണങ്ങളില്ലാത്തവർക്ക് ടെസ്റ്റിംഗ്, ചികിത്സ തുടങ്ങിയവയ്ക്ക് ജീപ്പിന്റെ സേവനം പ്രയോജനപ്പെടുത്താം. പാമ്പാടുംപാറ പഞ്ചായത്തിൽ നടത്തിയ 146 ആന്റിജൻ കൂട്ടപരിശോധനകളിൽ ഇതുവരെ 31 പേർക്ക് രോഗം സ്ഥിരീകരിച്ചു.