ഇടവെട്ടി: കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതിനാൽ ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ 8 എണ്ണം കണ്ടെയ്മെ്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും രോഗം ബാധിച്ചവരിൽ രണ്ട് പേർ മരിക്കുകയും ചെയ്തതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. നിലവിൽ പഞ്ചായത്തിൽ 167 കൊവിഡ് രോഗികളാണുള്ളത്. വിസ്തീർണ്ണം കുറഞ്ഞതും ജനസാന്ദ്രത കൂടിയതുമായ പ്രദേശമാണ് ഇടവെട്ടി പഞ്ചായത്ത്. ഇത് രോഗ പകർച്ചക്ക് ഇടയാക്കുമെന്ന ആശങ്കയെ തുടർന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും വിവിധ നടപടികൾ കൈക്കൊണ്ടതായി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് പറഞ്ഞു. ഇതിനായി ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഓൺലൈനായി യോഗം ചേർന്നാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്.
വാർഡ് തലങ്ങളിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തി. 13 വാർഡുകളിലും പൊതുജനങ്ങൾക്ക് സേവനമെത്തിക്കുന്നതിന് സംസ്ഥാന ഗവൺമെന്റിന്റെ പ്രത്യേക നിർദ്ദേശം അനുസരിച്ച് വാർഡ് മെമ്പർ അദ്ധ്യക്ഷനായി വാർഡ് തല മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ, നാട്ടുകാർ, ജനമൈത്രി പൊലീസ്, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകൾ, അംഗണവാടി ആശാ പ്രവർത്തകൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, എസ്.സി. എസ്.ടി. പ്രമോട്ടർമാർ, അതത് വാർഡുകളിലെ സർക്കാർ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ എന്നിവരാണ് മോണിറ്ററിംഗ് കമ്മിറ്റിയിലുള്ളത്. ഇതിന് പുറമേ സ്വന്തമായി വാഹനം ഇല്ലാത്ത പ്രൈമറി കോൺടാക്ട് ആയവർക്കും കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളവർക്കും സ്വാബ് ടെസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വാഹന സൗകര്യം പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേകം വാഹനങ്ങളും ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ട്.
ഭക്ഷണത്തിനായി ബുദ്ധിമുട്ടുള്ളതും നിർദ്ധനരും അടങ്ങിയ കോവിഡ് പോസിറ്റീവായ കുടുംബങ്ങളിൽ പഞ്ചായത്ത് സൗജന്യമായി നൽകുന്ന ഭക്ഷ്യ കിറ്റുകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എത്തിക്കാനും തീരുമാനിച്ചു.
ഇതോടൊപ്പം എല്ലാവരും നെഗറ്റീവ് ആയാൽ ഉടൻ തന്നെ ആ വീടും പരിസരവും പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ ശുചീകരിക്കും. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ കൊവിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യുന്നതിനും വാക്‌സിൻ വിതരണത്തിനും സെന്റർ തുടങ്ങുന്നതിന് കളക്ടറുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതി തേടിയിട്ടുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കുമെന്നും പ്രസിഡന്റ് ഷീജാ നൗഷാദ് അറിയിച്ചു.