ചെറുതോണി: മരിയാപുരം ഗ്രാമപഞ്ചായത്ത് ഇടുക്കിടൗണിൽ സ്ഥാപിച്ചിട്ടുള്ള കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് കംഫർട്ട് സ്റ്റേഷനു മുമ്പിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. ഇടുക്കി ടൗണിലെത്തിയ ശേഷമാണ് പാണ്ടിപ്പാറ, തങ്കമണി പ്രദേശങ്ങളിലേക്ക് യാത്രക്കാർ പോകുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാർ ഇടുക്കി ടൗണിൽ വന്നുപോകുന്നുണ്ട്. പൊതുജനങ്ങളുടെ സൗകര്യാർത്ഥം ടൗണിൽ വർഷങ്ങൾക്ക് മുമ്പ് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചതാണ്. നല്ലരീതിയിലാണ് ഇതിന്റെ പ്രവർത്തനംമുന്നോട്ട്പോയത്.എന്നാൽ അറ്റകുറ്റപണികളുടെ പേരിലാണ് കംഫർട്ട് സ്റ്റേഷൻ അടച്ചത്. ഇപ്പോൾമൂന്നുമാസം കഴിഞ്ഞെങ്കിലും തുറക്കാനുള്ള നടപടികളാരംഭിച്ചിട്ടില്ല. കംഫർട്ട്
സ്റ്റേഷൻ അടച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി. ഇതേത്തുടർന്നാണ് വ്യാപാരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് റീത്തുവെച്ച് പ്രതിഷേധിച്ചത്.