പൂമാല: പണി തീർന്ന ഉടനെ പൂമാല- മേത്തൊട്ടി റോഡ് തകർന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൂമാല മുതൽ മേത്തൊട്ടി വരെയുള്ള മൂന്നരകിലോമീറ്റർ റോഡ് പി.ഡബ്ല്യു.ഡി നന്നാക്കിയത്. ഇവിടേക്കുള്ള ബസ് ഗതാഗതം റോഡിന്റെ ശോചനീയാവസ്ഥ കാരണം നിറുത്തിയിരുന്നു. റോഡ് തകർന്ന് ഒരു വർഷത്തിലേറെയായതിനു ശേഷമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് പണിയാൻ നടപടി സ്വീകരിച്ചത്. ഇതിനായി നാട്ടുകാർ നിരവധി തവണ അധികാരികളെ സമീപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പണി പൂർത്തീകരിച്ച റോഡിലെ ടാർ ഇളകി പലയിടങ്ങളിലും റോഡ് മോശമായി. ആദിവാസി ഭൂരിപക്ഷ പ്രദേശമായ ഇവിടത്തെ റോഡുപണിയിലെ അപാകത അന്വേഷിക്കണമെന്ന ആവശ്യത്തെ തുടർന്ന് പി.ഡബ്ല്യു.ഡി എ.ഇ സ്ഥലത്തെത്തി റോഡ് പരിശോധിച്ചു.