തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും വിജയിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ഏകോപനസമിതി യോഗത്തിന്റെ വിലയിരുത്തൽ. തൊടുപുഴ രാജീവ് ഭവനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ചേർന്ന യോഗത്തിൽ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പങ്കെടുത്തിരുന്നു. കേരളകോൺഗ്രസ് സംയുക്ത നേതൃയോഗത്തിൽ പങ്കെടുക്കാതിരുന്ന ഫ്രാൻസിസ് ജോർജ് യു.ഡി.എഫ് യോഗത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. അതേസമയം പി.ജെ. ജോസഫും ദേവികുളത്തെ സ്ഥാനാർത്ഥി ഡി. കുമാറും യോഗത്തിനെത്തിയില്ല. മറ്റ് സ്ഥാനാർത്ഥികളായ ഫ്രാൻസിസ് ജോർജിനെ കൂടാതെഇ.എം. ആഗസ്തി, സിറിയക് തോമസ് എന്നിവർ പങ്കെടുത്തു. വോട്ടെണ്ണലിന് മുമ്പായി ഏജന്റുമാർക്ക് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി,,ജില്ലാ കൺവീനർ എം.ജെ. ജേക്കബ്, ഇബ്രാഹിംകുട്ടി കല്ലാർ, എം.എസ്. മുഹമ്മദ്, സുരേഷ് ബാബു, ടി.എ. ബാബു, ശിവദാസൻ, കെ.എ. സിറിയക്, ഷാഹുൽ പള്ളത്തുപറമ്പിൽ തുടങ്ങിയ നേതാക്കളും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാന്മാരും കൺവീനർമാരും യോഗത്തിൽ പങ്കെടുത്തു.