ചെറുതോണി: രാസവള കമ്പനികൾക്കുള്ള വളത്തിന്റെ വിലനിർണ്ണയവകാശം പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള കർഷകയൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.
2022ലെത്തുമ്പോഴേക്ക് കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനംതന്നെ മറന്ന കേന്ദ്രസർക്കാർ കർഷകരുടെ ഉല്പാദന ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നത് കണ്ടില്ലായെന്ന് നടിക്കുകയാണ്. വിത്തിനും വളത്തിനും വൈദ്യുതിക്കും തൊഴിലിനും ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള ന്യായവില ഉല്പന്നങ്ങൾക്ക് ലഭിക്കുന്നുമില്ല. വളങ്ങളുടെ വില ആറ് വർഷം കൊണ്ട് മൂന്നിരട്ടിയിലധികമായി. വളത്തിന്റെ വില നിർണ്ണയാവകാശം കമ്പനികൾക്ക് നൽകിയതിനാലാണ് ഈ സാഹചര്യമുണ്ടായിട്ടുള്ളത്. കർഷകന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഉല്പാദനച്ചെലവ് വർദ്ധന തടയാനും വളവിലവർദ്ധന പിൻവലിക്കുന്നതിനും അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.