തൊടുപുഴ: സ്വകാര്യ ആശുപത്രികൾക്ക് ഇനി കൊവിഡ് വാക്സിൻ നൽകേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഇന്നലെ നടന്ന മെഡിക്കൽ ആഫീസർമാരുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. ഇതോടെ ജില്ലയിലെ 16 സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണം നിലച്ചു. ഈ ആശുപത്രികൾ ഇനി നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങണം. ഇവരിൽ നാലഞ്ച് ആശുപത്രികൾ ആരോഗ്യവകുപ്പിൽ മുൻകൂറായി അടച്ച പണം തിരികെ നൽകും. മേയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നൽകില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരും വാക്സിൻ നൽകേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ വാക്സിൻ കുത്തിവയ്പ്പിന്റെ നിരക്ക് കുത്തനെ ഉയർന്നേക്കും. നിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന വാക്സിൻ 250 രൂപയ്ക്കാണ് സ്വകാര്യ ആശുപത്രികൾ പൊതുജനങ്ങൾക്ക് നൽകിയിരുന്നത്. സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ ലഭിക്കുന്നില്ലെന്ന് കണ്ടാണ് സർക്കാർ തീരുമാനം. ഇതോടെ സ്വകാര്യ ആശുപത്രികൾക്ക് നൽകിയിരുന്ന വാക്സിൻ കൂടി സർക്കാർ ആശുപത്രികൾ വഴി സാധാരണക്കാരന് സൗജന്യമായി നൽകാനാകും. സ്വകാര്യ ആശുപത്രികളിൽ ആദ്യ ഡോസ് വാക്‌സിൻ കുത്തിവച്ചവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവയ്ക്കാനുള്ള അനുമതി ഉണ്ടാകുമെന്നാണ് കരുതുന്നത്.

വാക്സിനേഷൻ നിലച്ചു

നിലവിലെ വാക്സിൻ സ്റ്റോക്ക് തീർന്നതോടെ ജില്ലയിൽ ഇന്നലെ വാക്സിനേഷൻ ക്യാമ്പ് മുടങ്ങി. തിങ്കളാഴ്ചയെത്തിയ രണ്ടായിരം ഡോസ് കൊവാക്സിൻ കൂടി വിതരണം ചെയ്തതോടെ ചൊവ്വാഴ്ച രാവിലെ തന്നെ ജില്ലയിലെ വാക്സിൻ പൂർണമായും തീർന്നിരുന്നു. ഇതോടെയാണ് ഇന്നലെ വാക്സിനേഷൻ ക്യാമ്പ് നടത്താനാകാതെ വന്നത്. ഇന്നലെ രാത്രി പതിനായിരം ഡോസ് കൊവിഷീൽഡ് വാക്സിൻ ജില്ലയിലെത്തുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഇത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. പ്രമുഖ ആശുപത്രികളെ കൂടാതെ ആലക്കോട്, തട്ടക്കുഴ, വെള്ളത്തൂവൽ എന്നിവിടങ്ങളിലെ ക്യാമ്പുകളിലും വാക്സിൻ നൽകും.