തൊടുപുഴ: കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ പി.പി.ഇ കിറ്റ് ധരിച്ചെത്തി ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകിയത് തന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് കരുത്തുപകർന്നു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ച മണക്കാട് സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാനാണ് എം.പി തന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമുമായി നേരിട്ടെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തൊടുപുഴ ശാന്തിതീരത്തിലെത്തിക്കുന്നതിനും സംസ്‌കരിക്കാനുമെല്ലാം നേതൃത്വം നൽകിയത് ഡീനായിരുന്നു. എം.പിയോടൊപ്പം ഡിസാസ്റ്റർ മാനേജ്‌മെന്റ് തൊടുപുഴ കോഡിനേറ്റർ അക്ബർ ടി.എൽ, മുട്ടം പഞ്ചായത്ത് മെമ്പർ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് മുട്ടം, രാഹുൽ ചെറിയാൻ എന്നിവരാണ് സംസ്‌കാരം നടത്താൻ മുൻപന്തിയിലുണ്ടായിരുന്നത്. കൊവിഡ് കാലത്ത് മരണപ്പെടുന്നവരുടെ സംസ്‌ക്കാരത്തിന് ഉറ്റവർ പോലും ഭയചകിതരായി മാറി നിൽക്കുമ്പോഴാണ് എം.പിയുടെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ മനേജ്‌മെന്റ് ടീം സേവനസന്നദ്ധരായി മുന്നോട്ടുവരുന്നത്. ഇതിനകം ആറു പേരുടെ മൃതദേഹം ടീമിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി റിവേഴ്സ് ക്വാറന്റീനിലിരിക്കെ മരിച്ച സി.എസ്.ഐ പുരോഹിതൻ മുട്ടം കാക്കൊമ്പ് പുളിക്കൽ റവ. പി. വി. സാമുവേലിന്റെ മൃതദേഹം സംസ്കരിക്കാനും നേതൃത്വം നൽകിയത് ഈ ഡിസാസ്റ്റർ മനേജ്‌മെന്റ് ടീമായിരുന്നു.