covid

തൊടുപുഴ: വെങ്ങല്ലൂരിൽ ഷെറോൺ കൾച്ചറൽ സെന്ററിൽ തുടങ്ങുന്ന കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (സി.എസ്.എൽ.ടി.സി) പ്രവർത്തന സജ്ജമായി. തൊടുപുഴയിലെ രണ്ടാമത്തെ സി.എസ്.എൽ.ടി.സിയാണിത്. ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്ററിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് തൊടുപുഴ നഗരസഭയാണ്. എൻ.എച്ച്.എമ്മിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കാറ്റഗറി ബി യിൽ ഉൾപ്പെട്ട കൊവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. പനി, കടുത്ത തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങൾ കൂടാതെ ജലദോഷ ലക്ഷണങ്ങളുള്ള 60 കഴിഞ്ഞവർ, ദീർഘകാല കരൾ, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവർ, ഹൃദ്രോഗികൾ, പ്രമേഹമുള്ളവർ, അർബുദ രോഗികൾ, ഗർഭിണികൾ, എച്ച്‌.ഐ.വി ബാധിതർ തുടങ്ങിയവരാണ് കാറ്റഗറി ബിയിൽ ഉൾപ്പെടുന്നത്. 65 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളാണ് നിലവിൽ ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി അഞ്ച് ബെഡുകൾ വീതമുള്ള ക്യാബിനുകൾ തിരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ 100 ബെഡ് സജ്ജീകരിക്കുന്നതിനുള്ള സ്ഥല സൗകര്യം ഇവിടുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ മാത്രം മുഴുവൻ ബെഡും ഉപയോഗിക്കും. രോഗികൾക്കായി കെട്ടിടത്തിലെ നാല് ശുചിമുറികൾക്ക് പുറമേ നാല് ഇ- ടോയ്‌ലെറ്റുകളും നാല് ബാത്തിംഗ് ക്യാബിനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പ്രവേശിപ്പിക്കുന്ന എല്ലാ രോഗികൾക്കും ഓക്‌സിജൻ കൊടുക്കുന്നതിനുള്ള സൗകര്യമിവിടെയുണ്ട്. ഇതിന് പുറമേ 12 ബെഡ് തീവ്ര പരിചരണ വിഭാഗത്തിനായി മാറ്റിവച്ചിട്ടുണ്ട്.

ഡോക്ടർമാർ, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സുമാർ, നഴ്‌സിങ് അസിസ്റ്റന്റുമാർ, മെഡിക്കൽ ആഫീസർ, ക്ലീനിംഗ് സ്റ്റാഫുകൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, വോളന്റിയർമാർ, ഫാർമസിസ്റ്റ്, പബ്‌ളിക് ഹെൽത്ത് സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ എന്നിവരുൾപ്പെടെ 30 ജീവനക്കാരോളം ഇവിടെ ജോലി ചെയ്യും. ഒരേ സമയം രണ്ട് ഡോക്ടർമാർ, നഴ്‌സുമാർ, വോളന്റിയർമാർ എന്നിവരുൾപ്പെടെ ഏഴ് പേർ ഡ്യൂട്ടിയിലുണ്ടാവും. അടിയന്തിര ആവശ്യത്തിൽ മറ്റ് ഡോക്ടർമാരെ ഇവിടേക്കെത്തിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ആയുർവേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ആഫീസ്, അഡ്മിനിസ്‌ട്രേഷൻ, സ്റ്റോർ, ഫാർമസി, ഡാറ്റാ എൻട്രി എന്നീ വിഭാഗങ്ങൾക്കും ജീവനക്കാർക്കായുള്ള താമസ സ്ഥലം, ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിംഗ്, ഡ്രൈവർമാർക്കുള്ള വിശ്രമ സ്ഥലം എന്നിവയ്ക്കായി ഇതിന് സമീപത്ത് തന്നെ മറ്റൊരു കെട്ടിടം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. നിലവിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ പ്രവർത്തിക്കുന്ന സി.എസ്.എൽ.ടി.സിയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കൂടി ഈ കെട്ടിടത്തിലേക്ക് മാറ്റും.

തൊടുപുഴ മൊബൈൽ മെഡിക്കൽ യൂണിറ്റ് മെഡിക്കൽ ആഫീസർ ഡോ. കെ.ആർ. രജിത്താണ് ഇവിടത്തെ നോഡൽ ആഫീസർ.

'അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഒരുക്കി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വെങ്ങല്ലൂർ സി.എസ്.എൽ.ടി.സി തുറന്ന് പ്രവർത്തിക്കും"
- സനീഷ് ജോർജ്ജ് (തൊടുപുഴ നഗരസഭാ ചെയർമാൻ)