തൊടുപുഴ: ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുകളുമായി വന്ന വാഹനം വഴിയിൽ തകരാറിലായതിനെ തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് യൂണിറ്റെത്തി സിലിണ്ടറുകൾ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കുള്ള ഓക്സിജൻ സിലിണ്ടറുമായി തൃശൂരിൽ നിന്നെത്തിയ പിക്കപ്പ് വാൻ ഇന്നലെ രാവിലെയോടെ വെങ്ങല്ലൂർ ബൈപ്പാസിലെത്തിയപ്പോൾ തകരാറിലാവുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്നുള്ള ആംബുലൻസും ഫയർഫോഴ്സ് വാഹനവും സ്ഥലത്തെത്തി വാനിൽ നിന്ന് സിലിണ്ടറുകൾ മാറ്റി. ഏഴായിരം ലിറ്ററിന്റെ 24 ഓക്സിജൻ സിലിണ്ടറുകളാണ് ഒരു സമയം ജില്ലാ ആശുപത്രിയിൽ ആവശ്യം. ഇത് മാറ്റേണ്ട സമയമായിരുന്നുവെന്നതല്ലാതെ അടിയന്തര സാഹചര്യമൊന്നുമുണ്ടായിരുന്നില്ലെന്ന് ആർ.എം.ഒ ഡോ. പ്രീതി പറഞ്ഞു.