തൊടുപുഴ: ഹരിത കേരളം പ്രവർത്തനങ്ങളെ സമ്പൂർണ ഓൺലൈൻ ആക്കുന്നതിന് തുടക്കമിട്ടിരിക്കുകയാണ് ആലക്കോട് പഞ്ചായത്ത്. പഞ്ചായത്തിലെ ഓരോ വാർഡിലെയും കുടുംബങ്ങളുടെ മാലിന്യ നീക്കത്തിന്റെയും യൂസർഫീ നൽകിയതിന്റെയുമൊക്കെ വിശദാംശങ്ങൾ പഞ്ചായത്ത് കമ്പ്യൂട്ടറിൽ സുസജ്ജമാണ്. ഒരു ക്ലിക്കിൽ അതറിയാം. പഞ്ചായത്തിൽ നിന്ന് വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ഹരിതകർമ്മ സേനയ്ക്ക് കുടിശികയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തരം സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ആവശ്യത്തിനായാണ് ഈ വിവരങ്ങളെല്ലാം കമ്പ്യൂട്ടർവത്കരിച്ചത്. പഞ്ചായത്ത് ആഫീസിലെത്തി വീട്ടു പേരോ, ഉടമസ്ഥന്റെ മൊബൈൽ നമ്പരോ പറഞ്ഞാൽ ഹരിതകർമ്മ സേനയുടെ യൂസർഫീ കുടിശിക സ്‌ക്രീനിൽ തെളിയും. ആ തുക ഒടുക്കിയാൽ സർട്ടിഫിക്കറ്റുമായി മടങ്ങാം. ഹരിത കേരളം പ്രവർത്തനങ്ങളുടെ നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇഒ പി.ജെ. അജീഷ്‌കുമാറാണ് പഞ്ചായത്തിന്റെ ഈ നേട്ടത്തിനു പിന്നിൽ. പഞ്ചായത്തിലാകെ 13 വാർഡുകളും 2874 വീടുകളും 100 കടകളും സ്ഥാപനങ്ങളുമാണുള്ളത്. ഇവയുടെ മാലിന്യ പരിപാലനത്തിന്റെയും യൂസർഫീയടക്കമുള്ള വിശദാംശങ്ങളാണ് ആഫീസിലെ കമ്പ്യൂട്ടറിലൂടെ അറിയാവുന്നത്. കഴിഞ്ഞ മാസം 60,000 രൂപയാണ് യൂസർഫീയിനത്തിൽ ലഭിച്ചത്. 27,000 രൂപ കുടിശിക കിട്ടാനുണ്ട്. വീടുകൾക്ക് 30 രൂപയും കടകൾക്കും സ്ഥാപനങ്ങൾക്കും 50 രൂപയുമാണ് യൂസർ ഫീ ഈടാക്കുന്നത്. ഈ വിവരങ്ങളെല്ലാം ആഫീസിലിരുന്ന് അറിയാനാകുമെന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഹരിത കേരളം മിഷനും ഇൻഫർമേഷൻ കേരള മിഷനുമായി ചേർന്ന് ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്ത് പൂർണമായും ഡിജിറ്റലൈസ് ആക്കാനാണ് പഞ്ചായത്തിന്റെ ആലോചനയെന്ന് വി.ഇ.ഒ പറഞ്ഞു.