ചെറുതോണി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജില്ലാ ആസ്ഥാനമേഖലയിൽ വിനോദസഞ്ചാരമേഖലകൾ അടച്ചതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിച്ച ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലായി. ഇടുക്കി അണക്കെട്ടിലേക്കും ഹിൽവ്യൂ പാർക്കിലേക്കുമുള്ള പ്രവേശനം ഒഴിവാക്കി സന്ദർശകരുടെ വരവു നിലച്ചത് വ്യാപാര മേഖലയെ കാര്യമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു.
സാധാരണഗതിയിൽ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ ഇടുക്കി ഡാമും പരിസരവും സന്ദർശിക്കാൻ ധാരാളം പേർ എത്തിയിരുന്നു. മൂന്നു മാസം നീണ്ടുനിൽക്കുന്ന വർഷകാലം പ്രതിസന്ധികളില്ലാതെ കടന്നു കിട്ടുന്നതിനും ഈ മാസങ്ങളിലെ ടൂറിസം വരുമാനത്തെയാണ് പലരും ആശ്രയിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് നിയന്ത്രണം വന്നത് തിരിച്ചടിയായത് ചെറുകിട വ്യാപാരികൾക്കാണ്. വാഹനങ്ങളിൽ ടൂറിസ കവാടങ്ങളിൽ ഐസ്‌ക്രീം, മധുര പലഹാരങ്ങൾ, പ്രാദേശിക കര കൗശല വസ്തുക്കൾ, ബലൂൺ ഉൾപ്പെടെയുള്ള കളിപ്പാട്ടങ്ങൾ, ലോട്ടറി ഉൾപ്പെടെ വിനോദ സഞ്ചാരികൾക്ക് വിറ്റ് വന്നിരുന്ന കച്ചവടക്കാരും സന്ദർശകരുടെ വരവ് നിലച്ചതോടെ പട്ടിണിയിലായി. ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ഉപജീവനത്തിനുള്ള സർക്കാരുകൾ തയ്യാറാവണമെന്ന ആവശ്യവും ശക്തമാണ്.